മുംബൈ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുവാൻ എക്സ്ക്ലൂസീവ് ഹോട്ട്ലൈൻ നമ്പർ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കും പോലീസ് ഉൾപ്പെടെ കൊറോണ പ്രതിരോധത്തിലെ മുൻനിര പ്രവർത്തകർക്കും ടാറ്റ സർവീസിനായി 18002095554 എന്ന പ്രത്യേക ഹോട്ട് ലൈൻ നമ്പർ ഉപയോഗപ്പെടുത്താം. മാർച്ച് 23 നും ജൂൺ 10 നും ഇടയിൽ മാത്രം കൊറോണ പ്രതിരോധത്തിൽ പങ്കാളികളായ അവശ്യ സേവന ദാതാക്കളുടേയും, മുൻനിര ജീവനക്കാരുടേതുമടക്കം 225 ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് സേവനമെത്തിക്കാൻ തങ്ങൾക്ക് സാധിച്ചിരുന്നു കമ്പനി അറിയിച്ചു.
ഇതിനോടൊപ്പം സർവീസ് സെന്ററുകളിൽ സുരക്ഷ വർദ്ധിപ്പിക്കുവാനും, ഉപഭോക്താക്കളുടെ വാഹനങ്ങൾ ശുചിയായി നിലനിർത്താനുമായി ‘നോ ടച്ച് ബൈ ഹാൻഡ്’ പദ്ധതിയും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു. സർവീസ് കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ സ്റ്റിയറിംഗ് വീൽ, ഡ്രൈവർ സീറ്റ്, ഗിയർ നോബുകൾ തുടങ്ങി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഭാഗങ്ങളിൽ ബയോ-ഡീഗ്രേഡബിൾ-ഡിസ്പോസിബിൾ കവറുകൾ ഉപയോഗിച്ച് ആവരണം ചെയ്യുകയും സർവീസിന് ശേഷം ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്ക് മുന്നിൽ അവ അഴിച്ചുമാറ്റുകയും ചെയ്യും. കോൺടാക്റ്റ്ലെസ് സേവനം അഭ്യർത്ഥിക്കുന്ന ഉപയോക്താക്കൾക്കായി, കമ്പനിയുടെ വർക്ക്ഷോപ്പുകളിൽ വാഹന പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങൾ ക്രമീകരിക്കുന്നുണ്ട്. ഉപഭോക്തൃ സേവന ആപ്ലിക്കേഷൻ വഴിയും എസ്എംഎസ് വഴിയും അതിന്റെ സ്റ്റാറ്റസ് നൽകും. ശാരീരിക സമ്പർക്കം കുറയ്ക്കുന്നതിന് പേയ്മെന്റുകളും ഓൺലൈനിൽ സ്വീകരിക്കും.