ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുപ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തുറന്നു. ജമ്മുവിലെ ഉധംപൂര്‍, ദോഡ ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങളാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് വെര്‍ച്വല്‍ സംവിധാനത്തിലൂടെ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചത്. ദേവിക, പുനേജ എന്നീ പേരുകളിലാണ് പാലങ്ങള്‍ അറിയപ്പെടുക. അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് പാലങ്ങളുടെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കിയത്.
പത്തുമീറ്ററും അമ്പതുമീറ്ററും നീളത്തിലുള്ള പാലങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയതോതിലുള്ള പരിഹാരമാണ് ഉണ്ടായിരിക്കുന്നത്. ഒപ്പം സൈന്യത്തിന്റെ വാഹനങ്ങള്‍ കടന്നുപോകാന്‍ ശക്തമായ പാലം എന്നനിലയിലും സൗകര്യം ഒരുങ്ങിക്കഴിഞ്ഞു. ഒരു വര്‍ഷം കൊണ്ടാണ് പാലങ്ങളുടെ പണി പൂര്‍ത്തിയായത്. കൊറോണ കാലത്തെ തൊഴിലാളികളുടെ ലഭ്യതക്കുറവ് ഉണ്ടായിട്ടും സമയത്തുതന്നെ പാലം പണി പൂര്‍ത്തിയാക്കിയ ബി.ആര്‍.ഒ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും മന്ത്രി ജിതേന്ദ്ര സിംഗ് അനുമോദിച്ചു.
അതിര്‍ത്തി മേഖലകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 200 പാലങ്ങളാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പൂര്‍ത്തീകരിച്ച് രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ അടല്‍ സേതു കേബിള്‍ പാലം പ്രദേശത്തെ യാത്രാ ദുരിതം ഏറെ പരിഹരിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.















