ബാഴ്സലോണ: പിഎസ്ജിയുടെ ഉറുഗ്വായന്‍ സ്‌ട്രൈക്കറായ എഡിസന്‍ കവാനിയെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ. ബാഴ്‌സ ഏറെ നാളായി ലക്ഷ്യമിടുന്ന ലൗടാരോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താരത്തിന് ബദലായാണ് ബാഴ്സ കവാനിയെ കാണുന്നതെന്നാണ് സൂചന.
മികച്ച ഫോമില്‍ കളിക്കുന്ന കവാനി ഈ സീസണ്‍ അവസാനം ഫ്രീ ഏജന്റ് ആവും. ചെല്‍സി, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയവരെല്ലാം താരത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, ചെല്‍സി ജര്‍മ്മന്‍ സൂപ്പര്‍താരം വെര്‍ണറെ സ്വന്തമാക്കിയതിനാല്‍ ഇനി കവാനിയെ ലക്ഷ്യമിടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
അടുത്ത സീസണിലേക്കു വേണ്ടി മാത്രമായിരിക്കും ബാഴ്‌സ കവാനിയെ കൂടാരത്തിലെത്തിക്കുന്നത്. ഇന്റര്‍ സ്‌ട്രൈക്കറായ ലൗടാരോ മാര്‍ട്ടിനസിന്റെ ട്രാന്‍സ്ഫറിനു വേണ്ടി ബാഴ്‌സ ശ്രമം നടത്തുന്നുണ്ടെങ്കിലും, ആ നീക്കം ഫലപ്രാപ്തി കണ്ടിട്ടില്ല. അതാണ് താരത്തിന് ബദല്‍ കണ്ടെത്താന്‍ ബാഴ്സയെ പ്രേരിപ്പിക്കുന്നത്.
പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ കവാനി ഫ്രഞ്ച് ക്ലബിന് വേണ്ടി 301 മത്സരങ്ങളില്‍ നിന്നും ഇരുനൂറു ഗോളുകള്‍ നേടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള താരത്തെ ഫ്രീ ട്രാന്‍സ്ഫറില്‍ ടീമിലെത്തിച്ചാല്‍ ബാഴ്സയുടെ മുന്നേറ്റനിരക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.















