മിലാന്‍: യുവന്റ്‌സിന് വീണ്ടും തകര്‍പ്പന്‍ ജയം. ഇറ്റാലിയന്‍ ലീഗിലെ കൊറോണക്കാലത്തെ രണ്ടാം ജയമാണ് റൊണാള്‍ഡോയുടെ മികവില്‍ യുവന്റ്‌സ് നേടിയത്. ലെസ്സെയെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് യുവന്റസ് തകര്‍ത്തത്. സീരി ഏയുടെ രണ്ടാം മത്സരത്തില്‍ ലൂസിയോണി ചുവപ്പുകാര്‍ഡുകണ്ട് പുറത്തുപോയതോടെ യുവന്റസ് നിര ഇരച്ചുകയറി . ആദ്യപകുതിയില്‍ കടുത്ത പ്രതിരോധം സൃഷ്ടിച്ച ലെസ്സേ നിര ഗോളടിക്കാന്‍ യുവന്റസിന് ഒരു അവസരവും നല്‍കിയില്ല.
സ്വന്തം തട്ടകത്തില്‍ എന്നാല്‍ രണ്ടാം പകുതിയില്‍ യുവന്റസ് കളം നിറഞ്ഞു. കഴിഞ്ഞ കളിയില്‍ ഗോളടിച്ച ഡീബാലയും ക്രിസ്റ്റിയാനോയും ഇത്തവണയും കണക്കുപുസ്തകത്തില്‍ കയറി. 53-ാം മിനിറ്റിലാണ് ഡീ ബാലയിലൂടെ യുവന്റ്‌സ് മുന്നിലെത്തിയത്. തുടര്‍ന്ന് 62-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി റൊണാള്‍ഡോ ഗോളാക്കി. കോപ്പാ ഇറ്റാലിയയിലെ പെനാല്‍റ്റി പാഴാക്കിയ പിഴവ് ഇന്നലെ ക്രിസ്റ്റ്യാനോ ആവര്‍ത്തിച്ചില്ല. 83-ാം മിനിറ്റില്‍ ഹിഗ്വെയിനും 85-ാം മിനിറ്റില്‍ ഡീ ലിജിറ്റും യുവന്റ്‌സിനായി തുടരെ തുടരെ ഗോളടിച്ചു.
നിലവില്‍ ലീഗിലെ മുമ്പന്മാരായ യുവന്റസ് 28 കളികളിലായി 69 പോയിന്റുമായിട്ടാണ് നില്‍ക്കുന്നത്. തൊട്ടു പിന്നില്‍ 62 പോയിന്റുമായി ലാസിയോയും 58 പോയിന്റുമായി ഇന്റര്‍ മിലാനുമാണുള്ളത്. കോപ്പാ ഇറ്റാലിയ കിരീടം ചൂടിയ നാപ്പോളി ലീഗില്‍ ആറാം സ്ഥാനത്തുമാത്രമാണ്. അത്‌ലാന്റയും എ.സി.റോമയുമാണ് അവരേക്കാള്‍ മുന്നിലുള്ളത്.















