ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനല്‍ അവസാനിച്ചതിന് പിന്നാലെ സ്‌പെയിന്‍-അര്‍ജന്റീന താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. മത്സരശേഷം ഗ്രൗണ്ടില്‍ നടന്ന കയ്യാങ്കളിക്ക് തുടക്കമിട്ടത് അര്‍ജന്റീനന്‍ താരങ്ങളാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുറത്തുവന്ന ദൃശ്യങ്ങളില്‍ അര്‍ജന്റീനന്‍ പ്രതിരോധ താരം നാഹുവല്‍ മൊളീന സ്പാനിഷ് നായകന്‍ റോഡ്രിയെ പിടിച്ചുതള്ളുന്നതായി കാണാം. പിന്നാലെ റോഡ്രിയും തിരിച്ചുതള്ളിയതോടെ സ്ഥിതി വഷളായി. ക്യാപ്റ്റനെ സംരക്ഷിക്കാന്‍ എറിക് ഗാര്‍സ്യയും ബോര്‍ജയും ഓടിയെത്തിയതോടെ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ ഉന്തുംതള്ളും ആരംഭിച്ചു.
ഇതിനിടെയാണ് അര്‍ജന്റീനന്‍ താരം ലിയാന്‍ഡ്രോ പരേഡസ് എറിക് ഗാര്‍സ്യയെ പിടിച്ചുതള്ളുകയും കഴുത്തില്‍ പിടിക്കുകയും ഗാവിയെ നിലത്തേക്ക് വലിച്ചിടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഘര്‍ഷം ശക്തമായതോടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയും ടീം സ്റ്റാഫും ഇടപെട്ട് താരങ്ങളെ വേര്‍തിരിച്ചു. സംഭവത്തിന് പിന്നാലെ പരേഡസിന് ചുവപ്പ് കാര്‍ഡ് കാണിച്ചു.
മത്സരത്തിന് മുന്‍പും ശേഷവും ഇരു ടീമുകളും തമ്മില്‍ വാക്കേറ്റം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജന്റീനയ്‌ക്ക് റഫറിമാരില്‍ നിന്ന് അനുകൂല്യം ലഭിക്കുന്നുവെന്ന സ്പാനിഷ് താരം അയ്‌മെറിക് ലപോര്‍ട്ടെയുടെ പരാമര്‍ശവും സംഘര്‍ഷത്തിന് കാരണമായതായി ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ ചൊല്ലി ഒട്ടമന്‍ഡി ഉള്‍പ്പെടെയുള്ള അര്‍ജന്റീനന്‍ താരങ്ങള്‍ സ്പാനിഷ് താരങ്ങളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
കളിക്കിടെയും അര്‍ജന്റീനയ്‌ക്ക് തിരിച്ചടിയേറ്റിരുന്നു. പൗ കുബാര്‍സിക്കെതിരായ അപകടകരമായ ഫൗളിന് എന്‍സോ ഫെര്‍ണാണ്ടസിന് രണ്ടാം മഞ്ഞക്കാര്‍ഡിനെ തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ രണ്ടാം പകുതിയില്‍ അര്‍ജന്റീന പത്ത് പേരായി ചുരുങ്ങി.
മത്സരത്തില്‍ സ്‌പെയിന്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി. സ്പാനിഷ് താരങ്ങള്‍ 20 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ അര്‍ജന്റീനയ്‌ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ ഗോള്‍രഹിതമായി എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഏകഗോളില്‍ സ്‌പെയിന്‍ 1-0ന് വിജയിച്ച് ലോകകപ്പ് കിരീടം സ്വന്തമാക്കി.















