കൊച്ചി : നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ഡിസിപി പൂങ്കുഴലി. പ്രതികളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. സിനിമാക്കാര് മാത്രമല്ല റിസപ്ഷനിസ്റ്റുകളും ഇവന്റ്മാനേജ്മെന്റ് ജീവനക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
പിടിയിലായ പ്രതികളെ പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ഷെരീഫ് ഉള്‍പ്പടെയുള്ളവരെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്തത്. ആകെ ഒമ്പത് പ്രതികളാണുള്ളതെന്നായിരുന്നു പൊലീസ് പറഞ്ഞത്. നിലവില്‍ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഹൈദരാബാദില്‍നിന്ന് തിരിച്ചെത്തിയാല്‍ ഓണ്‍ലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തും.
കേസില്‍ പിടിയിലായ ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് ഐ ജി വിജയ് സാഖറെ നേരത്തെ അറിയിച്ചിരുന്നു. പ്രതികള്‍ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതല്‍ പേര് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം.