ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യുവരിച്ചു. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.
ശ്രീനഗറിലെ മാല്ബഗ് പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ശ്രീനഗര്‍ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിആര്‍പിഎഫും പോലീസും സംയുക്തമായി ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ ഭീകരര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.
ഭീകരരുടെ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് സാരമായി പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടമാകുകയായിരുന്നു. ഏകദേശം മൂന്നോളം ഭീകരര്‍ പ്രദേശത്ത് ഒളിച്ചു കഴിയുന്നതായാണ് വിവരമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ 45 ദിവസത്തിനിടെ ശ്രീനഗറില്‍ മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഉണ്ടാകുന്നത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.