ലേ: ചൈനയുടെ എല്ലാ നീക്കങ്ങളും തടയാന്‍ ശക്തമായ സംവിധാനമൊരുക്കി ഇന്ത്യന്‍ കരസേന. എത്ര തണുപ്പിലും ലഡാക്ക് മേഖലയില്‍ കഴിയാന്‍ പാകത്തിനുള്ള അതിസുരക്ഷാ ടെന്റുകളാണ് കരസേന നിര്‍മ്മിക്കുന്നത്. 30,000 സൈനികരെ എത്തിച്ച് അതിര്‍ത്തിയിലെ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ് ഇന്ത്യന്‍ സേനാ വിഭാഗം.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ അണിനിരത്തിയിരിക്കുന്ന സൈനികര്‍ക്കായാണ് അതിസുരക്ഷാ താമസസൗകര്യം ഒരുക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വരുന്ന ഒക്ടോബര്‍ വരെയെങ്കിലും സൈന്യത്തിനെ ലഡാക്കില്‍ നിലനിര്‍ത്തേണ്ടതിനാലാണ് ഈ മുന്‍കരുതല്‍. കനത്ത തണുപ്പിനെ പ്രതിരോധിക്കുന്ന ടെന്റുകളാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കുപുറമേ യൂറോപ്പില്‍ നിന്നും ഇത്തരം മുന്തിയ ഇനം ടെന്റുകള്‍ നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍ സേന കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.
സൈനികര്‍ക്ക് താമസിക്കുകയും ഒപ്പം ആയുധങ്ങള്‍ സൂക്ഷിക്കുകയും വേണമെന്നതിനാല്‍ താല്‍ക്കാലികമാണെങ്കിലും ശക്തമായ ടെന്റുകള്‍ പണിയാതെ നിര്‍വ്വാഹമില്ല. ചൈന മുന്നേ തന്നെ അത്തരം ടെന്റുകള്‍ അതിര്‍ത്തിയില്‍ പണിതുകഴിഞ്ഞതായും സേനാ മേധാവി പറഞ്ഞു. സിയാച്ചിന്‍ മഞ്ഞുമലകളില്‍ എത്രദിവസം വേണമെങ്കിലും തങ്ങാനാവുന്ന സംവിധാനം ഉണ്ടായാല്‍ ചൈനയുടെ ഏതു നീക്കങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കാനാകുമെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.