സതാംപ്ടണ്‍: ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് 114 റണ്‍സിന്റെ ലീഡ്. ബ്രാത് വെയിറ്റിന്റെ(65)യും ഡോവ്‌റിച്ചിന്റേയും(61) പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് മുന്‍തൂക്കം നല്‍കിയത്. ഇംഗ്ലണ്ടിന്റെ 204നെതിരെ മധ്യനിരയുടെ മികച്ച ബാറ്റിംഗിലൂടെ നേടിയ 318 റണ്‍സിന് വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു. ബെന്‍ സ്‌റ്റോക്‌സിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇംഗ്ലീഷ് നിരയെ രക്ഷപെടുത്തിയത്. സ്റ്റോക്‌സ് 49 റണ്‍സിന് 4 വിക്കറ്റ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സ് എന്ന നിലയിലാണ്. ഇനി രണ്ടു ദിവസത്തെ കളിയാണ് ബാക്കിയുള്ളത്.
മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കരീബിയന്‍സിനായി രണ്ടാം വിക്കറ്റില്‍ ഹോപും ബ്രാത്‌വെയിറ്റും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 16 റണ്‍സെടുത്തു നില്‍കേ ഹോപിനെ ഡോം ബെസ്സിന്റെ പന്തില്‍ സ്റ്റോക്‌സ് പിടിച്ചുപുറത്താക്കി. തുടര്‍ന്ന് ബ്രാത്‌വെയിറ്റ് ബ്രൂക്‌സുമായി ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍ ബ്രാത്‌വെയിറ്റ് 184 പന്തുകളെ നേരിട്ട് 65 റണ്‍സാണ് നേടിയത്. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കരീബിയന്‍ താരം സ്റ്റോക്‌സിന് ആദ്യവിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്നെത്തിയ ചെയ്‌സിനൊപ്പം ബ്രൂക്‌സും സ്‌കോര്‍ ചലിപ്പിച്ചു. സ്‌കോര്‍ 173ല്‍ നില്‍ക്കേ ബ്രൂക്‌സിനെ ആന്‍ഡേഴ്‌സണ്‍ 39 റണ്‍സില്‍ മടക്കി. പിന്നീടെത്തിയ ബ്ലാക്‌വുഡിനെ 12 റണ്‍സില്‍ പുറത്താക്കി ബെസ്സ് തന്റെ രണ്ടാം വിക്കറ്റും നേടി. എന്നാല്‍ ചെയ്‌സിനൊപ്പം ചേര്‍ന്ന ഡോവ്‌റിച് തന്റെ മികച്ച അര്‍ദ്ധസെഞ്ച്വറി നേട്ടത്തോടെ സ്‌കോര്‍ 200 കടത്തി. 181 പന്തില്‍ 61 റണ്‍സ് നേടി നില്‍കേ സ്‌റ്റോക്‌സിന്റെ പന്തിലാണ് ഡോവ്‌റിച്ച് പുറത്തായത്. തുടര്‍ന്ന് വാലറ്റത്തെ രണ്ടു പേരെക്കൂടി സ്‌റ്റോക്‌സ് പുറത്താക്കിയതോടെ കരീബിയന്‍ സ്‌കോര്‍ 318ല്‍ ഒതുങ്ങി. ഹോള്‍ഡര്‍(5),ജോസെഫ്(18), ഗബ്രിയേല്‍(4) എന്നിവരാണ് പുറത്തായ താരങ്ങള്‍. കീമര്‍ റോച്ച് ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി ആദ്യ ടെസ്റ്റിലെ നായക സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന സ്റ്റോക്‌സ് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയത് ആതിഥേയര്‍ക്ക് ആശ്വാസമായി. 14 ഓവറുകളിലായി 49 റണ്‍സിനാണ് ഇംഗ്ലീഷ് നായകന്‍ 4 വിക്കറ്റുകള്‍ നേടിയത്. ആന്‍ഡേഴ്‌സണ്‍ 25 ഓവറുകളിലായി 62 റണ്‍സിന് 3 വിക്കറ്റും ഡോം ബെസ്സ് 19 ഓവറുകളിലായി 51 റണ്‍സിനായി 2 വിക്കറ്റുകളും വീഴ്‌ത്തി.















