ധാക്ക: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ബംഗ്ലാദേശ് നായകന്‍ മഷ്‌റഫി മുര്‍ത്താസ രോഗമുക്തനായി. ജൂണ്‍ 20നാണ് മുര്‍ത്താസക്ക് രോഗം ബാധിച്ചത്. അദ്ദേഹം തന്നെയാണ് രോഗമുക്തനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
‘എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയും ഒപ്പം ദൈവാനുഗ്രഹവും കാരണം എന്റെ പരിശോധന ഫലം നെഗറ്റീവായി. പ്രതിസന്ധി സമയത്ത് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. വീട്ടിലിരുന്നാണ് ഞാന്‍ ചികിത്സ നടത്തിയത്. ദൈവത്തില്‍ വിശ്വസിച്ച് നിയമങ്ങള്‍ പാലിക്കുക. നമുക്ക് ഒരുമിച്ച് കൊറോണയെ പ്രതിരോധിക്കാം’. മുര്‍ത്താസ ട്വിറ്ററില്‍ കുറിച്ചു.
മുര്‍ത്താസക്ക് പുറമെ, രണ്ട് ബംഗ്ലാദേശ് താരങ്ങളുടെ രോഗവും ഭേദമായിട്ടുണ്ട്. നഫീസ് ഇഖ്ബാല്‍, നസ്മുല്‍ ഇസ്ലാം എന്നിവരാണ് കൊറോണ മുക്തരായത്. തമിം ഇക്ബാലിന്റെ സഹോദരനാണ് നഫീസ് ഇഖ്ബാല്‍. ബംഗ്ലാദേശ് ടീമിലെ സ്പിന്നറാണ് നസ്മുല്‍ ഇസ്ലാം.















