ബാഴ്‌സലോണ: സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഒസാസുനയോട് ബാഴ്‌സ പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഒസാസുനയുടെ വിജയം.
ഒരേ സമയം, ബാഴ്‌സയുടെയും റയലിന്റെയും മത്സരം നടന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത. എന്നാല്‍, മത്സരം ആരംഭിച്ച് 15 മിനിട്ടുകള്‍ പിന്നിട്ടപ്പോഴേക്കും ഒസാസുനയുടെ ആദ്യ ഗോള്‍ പിറന്നു. ജോസ് ആര്‍നായിസായിരുന്നു ഗോള്‍ നേടിയത്. ചടുല നീക്കങ്ങള്‍ക്കൊടുവില്‍ അര്‍നായിസ് ഗോള്‍ നേടിയപ്പോഴേക്കും ബാഴ്‌സലോണ പ്രതിരോധത്തിലായി. തുടര്‍ന്ന് ബാഴ്‌സ കൂടുതല്‍ ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇതിനിടെ മെസിയുടെ ഫ്രീ കിക്ക് ക്രോസ് ബാറില്‍ തട്ടി തെറിക്കുകയും ചെയ്തു.
രണ്ടാം പകുതിയിലും ബാഴ്‌സലോണ ആക്രമിച്ചു കളിച്ചു. പതിവുപോലെ പന്ത് കൈവശം വെച്ചുള്ള ശൈലി തന്നെയാണ് ഈ മത്സരത്തിലും കാണാനായത്. കളിയുടെ 75 ശതമാനം സമയത്തും പന്ത് ബാഴ്‌സയുടെ പക്കലായിരുന്നു. എന്നാല്‍, മറുഭാഗത്ത് കിട്ടുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കാനായിരുന്നു ഒസാസുനയുടെ ശ്രമം. അവസാനം 62-ാം മിനിട്ടില്‍ ബാഴ്‌സ കാത്തിരുന്ന ഗോള്‍ എത്തി. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അളന്നു മുറിച്ചുള്ള ഫ്രീ കിക്കാണ് ബാഴ്‌സയെ തുണച്ചത്. പിന്നീട് വിജയത്തിനായുള്ള ബാഴ്‌സയുടെ ശ്രമങ്ങള്‍ തുടരവെ, കളിയുടെ അധിക സമയത്ത് (90+4) റോബര്‍ട്ടൊ ടോറസ് ഒസാസുനയുടെ വിജയ ഗോളും നേടി.















