ലഖ്നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണ്ണായക യോഗം ഇന്ന് ചേരും. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ തീയതി തീരുമാനിക്കാനാണ് യോഗം ചേരുന്നത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹ നിര്‍മ്മാണമെന്ന സുപ്രധാന ഘട്ടത്തിനുള്ള തീയതിയാണ് തീരുമാനിക്കാനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിക്കണമെന്ന തിനാലാണ് അടിയന്തിരമായി യോഗം ചേരുന്നതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു.
രാമക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം നിരപ്പാക്കല്‍, തൂണുകള്‍ വൃത്തിയാക്കല്‍ എന്നീ ഘട്ടമാണ് നിലവില്‍ പൂര്‍ത്തിയായത്. യോഗത്തില്‍ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങള്‍ തീരുമാനിയ്ക്കും. യോഗത്തില്‍ ആര്.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് നേതാക്കളും പങ്കെടുക്കുന്നുണ്ട്. ആര്.എസ്.എസിന്റെ ഭാഗത്തുനിന്നും സഹസര്‍കാര്യവാഹ് ചുമതലവഹിക്കുന്ന ഡോ.കൃഷ്ണഗോപാലാണ് പങ്കെടുക്കുന്നത്. ക്ഷേത്ര നിര്‍മ്മാണം തുടങ്ങുന്ന ചടങ്ങില്‍ ആര്.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുമെന്ന് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് അംഗങ്ങള്‍ സൂചിപ്പിച്ചിരുന്നു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഡിസംബര്‍ 25 ആകാനാണ് സാധ്യതയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്രയും നീണ്ട കാലയളവ് സാധ്യമല്ലെന്ന് സന്യാസിസമൂഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ പ്രത്യേക അപേക്ഷ നരേന്ദ്രമോദി പരിഗണിച്ചതായാണ് വിവരം. അങ്ങനെയെങ്കില്‍ അടുത്ത മാസം തന്നെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് സൂചന.