ന്യൂഡല്‍ഹി : ആഗോള തലത്തില്‍ പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ട്വിറ്ററിന് നോട്ടീസ് അയച്ച് കേന്ദ്രം. ഹാക്കര്‍മാര്‍ ലക്ഷ്യംവെച്ച ഇന്ത്യയിലെ ട്വിറ്റര്‍ ഉടമകളുടെ പ്രൊഫൈലുകളും അവയുടെ വിശദാംശങ്ങളും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ സൈബര്‍ സുരക്ഷാ നോഡല്‍ ഏജന്‍സിയായ സിഇആര്‍ടിയാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായ പ്രൊഫൈലുകള്‍ ഏതൊക്കെയാണെന്നും, അവയുടെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ട്വിറ്ററിന് അയച്ച നോട്ടീസില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലും ലിങ്കുകളും സന്ദര്‍ശിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരം നല്‍കണമെന്നും, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത വിവരം ഉടമകളെ അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കണം എന്നും ട്വിറ്ററിന് നിര്‍ദ്ദേശമുണ്ട്.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഹാക്കാര്‍മാര്‍ സ്വീകരിച്ച രീതി ഏതാണെന്നും, ഏതെല്ലാം വിവരങ്ങളാണ് ചോര്‍ത്താന്‍ ശ്രമിച്ചതെന്നുമുള്ള വിവരങ്ങള്‍ അറിയിക്കാനും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ ഹാക്കിംഗ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് തടയാനും ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാനും ട്വിറ്റര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവന്നത്. നിലവില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐആണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.