പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീടുവിട്ട 14-കാരനെ കണ്ടെത്തിയെന്ന് വിവരം. മല്ലപ്പള്ളിയിലെ വീട്ടിൽ നിന്നാണ് കുട്ടി പോയത്. ചെന്നൈ- ഗുരുവായൂർ എക്സ്പ്രസിലെ യാത്രക്കാരനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. 1500 രൂപയാണ് കൈയിലുണ്ടായിരുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നെന്നും അഞ്ച് വര്‍ഷം കഴിഞ്ഞ് കാണാമെന്നും കുറിപ്പെഴുതിവെച്ച ശേഷമാണ് കുട്ടി വീടുവിട്ടത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തുകയായിരുന്നു.
കുട്ടിയുടെ ദൃശ്യങ്ങളടക്കം വാർത്ത വന്നതോടെയാണ് ട്രെയിൻ യാത്രക്കാരൻ തിരിച്ചറിഞ്ഞത്. കൊല്ലം സ്വദേശി റിനുവാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയോട് സംസാരിച്ച ഇയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ബെംഗ്ലൂരുവിലേക്ക് പോകാനാണ് കുട്ടി പദ്ധതിയിട്ടിരുന്നത്. വീട്ടില്‍ നിന്ന് സൈക്കിളിൽ മല്ലപ്പള്ളിയിലെത്തിയ കുട്ടി ബസ് മാര്‍ഗം ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്നു. അവിടെ നിന്ന് ട്രെയിനില്‍ കയറി ചെന്നൈയിലേക്കും.