ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ വ്യാപക കലാപം നടത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് അപേക്ഷ നല്കി. 72 വിരമിച്ച ഉദ്യോഗസ്ഥരാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രാഷ്ട്രപതിയെ സമീപിച്ചത്.
ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ് അല്ലെങ്കില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷന് രൂപീകരിക്കണമെന്നും, സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നോ എന്ന് പരിശോധിക്കണം എന്നും അപേക്ഷയില്‍ പറയുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ നടന്ന ആക്രമണങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പോലീസ് സ്വീകരിച്ചില്ലെന്നും അപേക്ഷയില്‍ ഇവര്‍ ആരോപിച്ചു.
എട്ട് പേജുകളുള്ള അപേക്ഷയാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്. 1952 ലെ കമ്മീഷന് എന്‍ക്വയറി നിയമ പ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.