പാരിസ്: 2020 ല്‍ ബാലണ്‍ ഡി ഓര് പുരസ്കാരം ഇല്ലെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് പുരസ്കാരം ഇല്ലെന്ന് സംഘാടകരായ ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് അറിയിച്ചത്. അനുകൂല സാഹചര്യം അല്ലാത്തതിനെ തുടര്‍ന്നാണ് പുരസ്ക്കാരം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി, യുവന്റ്സ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ അടക്കമുള്ള താരങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.
പുരസ്കാരം ഒഴിവാക്കിയതോടെ 2019 ലെ ജേതാവായ ലയണല്‍ മെസിയുടെ കൈകളിലായിരിക്കും അടുത്ത ഒരു വര്‍ഷം കൂടി പുരസ്ക്കാരം. അനുകൂല സാഹചര്യമല്ലാത്തതിന്റെ പേരില്‍ ആദ്യമായാണ് ബാലണ്‍ ഡി ഓര് പുരസ്കാരം ഒഴിവാക്കുന്നത്.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോള്‍ പുരസ്കാരമാണ് ബാലണ്‍ ഡി ഓര്. ലയണല്‍ മെസിയാണ് ഏറ്റവും അധികം തവണ പുരസ്കാരം നേടിയത്. ആറു തവണ മെസി പുരസ്കാരത്തിന് അര്‍ഹത നേടി. അഞ്ച് തവണ പുരസ്ക്കാര ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്തുള്ളത്.