ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ഐപിഎല്ലിന്റെ 13-ാം എഡിഷന് യുഎഇ വേദിയാകും. ഐപിഎല്‍ ഭരണ സമിതി ചെയര്മാന് ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.
ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 29ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മത്സരം മാറ്റിവെക്കുകയായിരുന്നു. പിന്നീട് നിരവധി തവണ തീയതികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
അതേസമയം, മത്സരം നടത്താനുള്ള അനുമതി തേടി ബിസിസിഐ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട മറ്റ് നടപടി ക്രമങ്ങള്‍ ഭരണ സമിതി യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്ന് ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. ടി20 ലോകകപ്പ് നീട്ടിവെയ്ക്കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.