ടെഹ്‌റാന്‍: പൈലറ്റിന്റെ ധൈര്യത്തിനു മുന്നിൽ ഒഴിവായത് വൻ വിമാന ദുരന്തം. അമേരിക്കന്‍ സഖ്യസേനയുടെ എഫ്-15 യുദ്ധവിമാനമാണ് ഇറാന്‍ യാത്രാവിമാനത്തെ അപകടത്തിലാക്കിയത്. ഇറാന്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഇറാന്റെ മഹാന്‍ എയര്‍ വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപെട്ട തെന്നാണ് സൂചന. വിമാനം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും ബയ്‌റൂട്ടിലേയ്‌ക്ക് പോവുകയായിരുന്നു.
യുദ്ധവിമാനത്തിന്റെ ദിശ മനസ്സിലാക്കിയ പൈലറ്റ് പൊടുന്നനെ യാത്രാവിമാനം വായുവില്‍ താഴ്‌ത്തി. ആ ശ്രമം വിജയിച്ചതാണ് ദുരന്തം ഒഴിവാകാന്‍ കാരണമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ കുലുക്കവും വായുവിലെ വീഴ്ചയും വിമാനത്തിലെ യാത്രക്കാരെ സീറ്റുകളില്‍ നിന്നും വീഴ്‌ത്തി. പലരുടേയും തല മുകള്‍ തട്ടില്‍ അടിച്ചുകൊണ്ടു. പ്രായമേറിയ പലരും നിരങ്ങി വീണുവെന്നുമാണ് വിവരം. എന്നാല്‍ അമേരിക്ക യുദ്ധവിമാനത്തിന്റെ ദിശയില്‍ ഒരു യാത്രാവിമാനവും ഉണ്ടായിരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
അമേരിക്കന്‍ വിമാനത്തിന്റെ നിരുത്തരവാദ പരമായ നടപടിയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ആണവായുധ വിഷയത്തിലും ചൈനയുമായുള്ള സഹകരണ വിഷയത്തിലും അമേരിക്ക ഇറാനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്ന സമയമാണ്. അമേരിക്കന്‍ സേനയുടെ താവളത്തിന് സമീപത്തുകൂടെയുള്ള വിമാനങ്ങളെ നിരീക്ഷിക്കുന്ന സാധാരണ നടപടിയുടെ ഭാഗമായ പറക്കലാണ് നടത്തിയതെന്നാണ് അമേരിക്കന്‍ സേന മറുപടി നല്‍കിയിരിക്കുന്നത്. വിമാനങ്ങള്‍ തമ്മില്‍ 1000 മീറ്ററിലധികം ദൂരമുണ്ടായിരുന്നുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്.















