ന്യൂഡല്‍ഹി: കാര്‍ഗിലിലെ ഇന്ത്യന്‍ വിജയഗാഥക്ക് 21 വയസ് പൂര്‍ത്തിയാകുമ്പോള്‍ രാജ്യം കേള്‍ക്കാന്‍ കൊതിക്കുന്ന റിപ്പോര്‍ട്ടുകളാണ് കശ്മീരില്‍ നിന്ന് പുറത്തുവരുന്നത്. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗര്‍ ഭീകരമുക്തമായിരിക്കുന്നു. ശ്രീനഗറിലെ ഹിറ്റ്‌ലിസ്റ്റിലുള്ള അവസാന ഭീകരനെയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചത്.
ഇനി ശ്രീനഗര്‍ സ്വദേശികളായ ഒരു ഭീകരനും കശ്മീരില്‍ ജീവനോടെയില്ലെന്ന് ഐജി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റണ്‍ബിര്‍ഗാവിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ഇഷ്ഫാഖ് റാഷിദ്, ഇയാളുടെ സഹായിയായ ആയിജ് ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ശ്രീനഗറിലെ സൊസേയ്‌ത്ത് ഗ്രാമവാസിയാണ് ഇഷ്ഫാഖ് റാഷിദ്. 2018 ലാണ് പ്രദേശത്തെ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറായി റാഷിദിനെ സംഘടന നിയമിച്ചത്. അന്നു മുതല്‍ പ്രദേശത്ത് ഇയാൾ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.
അതേസമയം, റണ്‍ബിര്‍ഗാവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ശ്രീനഗര്‍ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ നടത്തിയത്. പോലീസും 29 രാഷ്‌ട്രീയ റൈഫിള്‍സും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ ഭീകരര്‍ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.















