അമിതവണ്ണമുള്ളവരില്‍ കൊറോണ വൈറസ് അപകടകരമാകാമെന്ന് ഗവേഷകര്‍. രോഗപ്രതിരോധ സംവിധാനവുമായി ബന്ധമുള്ള, വിശപ്പും ഉപാപചയ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് അമിത വണ്ണമുള്ളവര്‍ക്ക് പ്രശ്‌നമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ ഒബിസിറ്റിയാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് അണുബാധയോട് പൊരുതുന്ന കോശങ്ങളെ നിയന്ത്രിക്കുന്നത്. ശരീരത്തിലെ ഫാറ്റി കോശങ്ങളും ശ്വാസകോശത്തിലെ ചില കോശ സംയുക്തങ്ങളുമാണ് ലെപ്റ്റിന്‍ ഉത്പാദിപ്പിക്കുന്നത്.
വണ്ണം എത്രയുണ്ടോ അത്രയും കൂടുതല്‍ ലെപ്റ്റിന്‍ ശരീരത്തിലുണ്ടാകും. വണ്ണമുള്ളവരുടെ ശരീരത്തിലെ ലെപ്റ്റിന്‍ തോത് കൂടുതലായിരിക്കും. അതിനാല്‍ തന്നെ ലെപ്റ്റിന്‍ അമിതവണ്ണമുള്ളവരുടെ കൊറോണ പ്രതികരണത്തെ ബാധിക്കുമെന്നാണ് പഠനം നടത്തിയ ഗവേഷകന്‍ കാന്‍ഡിഡ റെബെല്ലോ പറയുന്നത്.
കൂടുതല്‍ തോതിലുള്ള ലെപ്റ്റിന്‍ ശ്വാസകോശങ്ങളിലേയും മറ്റിടങ്ങളിലും അണുബാധയോട് പൊരുതാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കും. അമിതവണ്ണമുള്ളവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അവരുടെ കൊറോണ പ്രതിരോധത്തെ ബാധിക്കുമെന്ന് പെനിങ്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ കിര്‍വാന്‍ വ്യക്തമാക്കി.
അമിതവണ്ണമുള്ള ഒരാളുടെ ശ്വാസകോശം നീര്‍ക്കെട്ട് വന്ന വീര്‍ത്ത അവസ്ഥയിലായിരിക്കും. ഇത്തരത്തിലുള്ളവരുടെ പ്രതിരോധ സംവിധാനം ദുര്‍ബലവും ശ്വാസകോശത്തിന്റെ ശേഷി കുറഞ്ഞ അളവിലുമായിരിക്കും. ഇത്തരക്കാര്‍ക്ക് കൊറോണ വൈറസ് ബാധ കൂടി ഉണ്ടായാല്‍ ഇത് വലിയ അപകടത്തിന് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.















