മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് നിര്‍ണ്ണായകമായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി മഴയെടുത്തു. ഇതോടെ പരമ്പര സ്വന്തമാക്കാനുള്ള ഇംഗ്ലണ്ടിന്റെ സാധ്യതയാണ് മങ്ങിയിരിക്കുന്നത്. കരീബിയന്‍ നിരയുടെ 8 വിക്കറ്റുകള്‍ വീഴ്ത്തുകയാണ് ആതിഥേയരുടെ മുന്നിലെ ലക്ഷ്യം. വെസ്റ്റിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 389 റണ്‍സാണ്. മൂന്നാം ദിനത്തിലെ അവസാന സെഷനില്‍ വിന്‍ഡീസ് വെറും 10 റണ്‍സ് നേടുന്നതിനിടെ രണ്ടു വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഓപ്പണര്‍ ജോണ്‍ കാംപെല്ലിനെ(0)യും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കീമര്‍ റോച്ചിനേയുമാണ്(4) കരീബിയന്‍ നിരയ്ക്ക് നഷ്ടമായത്.
അഞ്ചാം ദിനമായ ഇന്ന് പിടിച്ചു നിന്നാല്‍ തോല്‍ക്കാതെ പരമ്പര സമനിലയിലാക്കിയെന്ന നേട്ടം വിന്‍ഡീസിന് സ്വന്തമാകും. അതേസമയം രണ്ടു സെഷനുകളിലായി കരീബിയന്‍ നിരയെ വീഴ്ത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 369, 226 ന് രണ്ട് എന്ന നിലയിലാണ് സ്കോര്‍ ചെയ്തത്. വെസ്റ്റിന്‍ഡീസ് 197ന് ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ ബേണ്‍സ്(90), സിബ്ലി(56), പുറത്താകാതെ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ 68 റണ്‍സ് എന്നിവരുടെ മികച്ച ബാറ്റിംഗുകളാണ് 226 റണ്‍സെടുക്കാന്‍ ആതിഥേയരെ സഹായിച്ചത്. വിന്‍ഡീസിന് ഇനി ഇന്നത്തെ കളിയാണ് നിര്‍ണ്ണായകമായിരിക്കുന്നത്.
സ്റ്റുവര്‍ട്ട് ബ്രോഡിന്റെ മിന്നും പ്രകടനമാണ് ആദ്യ ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസിനെ പുറത്താക്കിയത്. ആറു വിക്കറ്റുകളാണ് ബ്രോഡ് നേടിയത്. രണ്ടാം ഇന്നിംഗ്സിലും ആകെ വീണ കരീബിയന്‍ നിരയിലെ രണ്ടു താരങ്ങളും ബ്രോഡിന്റെ ഇരകളായിരുന്നു. കരിയറിലെ 500 വിക്കറ്റുകളെന്ന സ്വപ്നതുല്യനേട്ടത്തിന് ഇനി ഒരു വിക്കറ്റ് മാത്രമാണ് ബ്രോഡിന് മുന്നിലുള്ളത്.