തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്തര മണിക്കൂറിലധികമാണ് ഇന്ന് എന്‍ഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘത്തിന്റെ രണ്ടാം വട്ട ചോദ്യം ചെയ്യലാണ് ഇന്ന് പൂര്‍ത്തിയായത്. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 8. 30 യോടെയാണ് പൂര്‍ത്തിയായത്. കൊച്ചി എന്‍ഐഎ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
കഴിഞ്ഞ ദിവസവും എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വീണ്ടും ഹാജരാകാന്‍ അദ്ദേഹത്തോട് എന്‍ഐഎ സംഘം നിര്‍ദ്ദേശിക്കുകയായിരുന്നു. എന്‍ഐഎ ഒരുക്കി നല്കിയ താമസസ്ഥലത്താണ് ശിവശങ്കര്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്കാന് ശിവശങ്കറിന് കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതെന്നും സൂചനയുണ്ട്.