പാലക്കാട്: കൂറ്റനാട് ചാത്തനൂരിൽ പതിമൂന്നുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശിവൻ -രേഷ്മ ദമ്പതികളുടെ മകൻ കാളിദാസനെയാണ് ഞായറാഴ്‌ച്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകണമെന്ന് കാളിദാസൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ ഫോൺ നൽകിയില്ല. ഇതിന്റെ മനോവിഷമത്തിൽ കുട്ടി തൂങ്ങിമരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫോൺ നൽകാത്തതിനെ തുടർന്ന് കാളിദാസൻ അമ്മയോട് ദേഷ്യപ്പെട്ട് വീടിന്റെ മുകൾ നിലയിലേക്ക് കയറി പോയിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞും കുട്ടി ഇറങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ മച്ചിൽ കെട്ടിയിരുന്ന സാരിയിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ പ്രദേശത്തെ ക്ലിനിക്കിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ചാലിശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു.
തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ചാത്തനൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് കാളിദാസൻ. കാളിദാസന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് ചാത്തനൂർ GLP സ്‌കൂളിൽ തിങ്കളാഴ്‌ച്ച നടത്താനിരുന്ന പ്രവേശനോത്സവ ആഘോഷങ്ങൾ ബുധനാഴ്ചത്തേക്ക് മാറ്റി.















