ഇന്ത്യൻ എസ്യുവി ശ്രേണിയിൽ ശ്രദ്ധയാകർഷിക്കാൻ കോമ്പസിന്റെ പുതിയ നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിച്ച് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. കോമ്പസിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ചാണ് പതിപ്പിനെ നിരത്തില്‍ എത്തിച്ചിരിക്കുന്നത്. സ്പെഷ്യല്‍ എഡിഷന് മോഡലായതുകൊണ്ട് തന്നെ പരിമിത പതിപ്പുകള്‍ മാത്രമാണ് വിപണിയില്‍ എത്തിക്കുക.
ബ്ലാക്ക് തീം ആണ് ഈ പതിപ്പിന്റെ ഹൈലൈറ്റ്. മുന്നിലും പിന്നിലും ഒരു കറുത്ത ജീപ്പ് ബാഡ്ജിംഗ്, ഏഴ് സ്ലോട്ട് ഗ്രില്ലിലെ ഗ്ലോസ് ബ്ലാക്ക് എക്സ്റ്റീരിയര്‍ ആക്സന്റുകള്‍, ഡിആര്‍എല്ലുകള്‍, ഫോഗ് ലാമ്പ് ബെസലുകള്‍ എന്നിവയാണ് ലിമിറ്റഡ് എഡിഷൻ കോമ്പസിന്റെ പ്രധാന സവിശേഷതകൾ. വോക്കല്‍ വൈറ്റ്, എക്സോട്ടിക്ക റെഡ്, ബ്രില്യന്റ് ബ്ലാക്ക്, മഗ്നീഷിയോ ഗ്രേ എന്നിങ്ങനെ നാല് കളര്‍ വേരിയെന്റുകളിൽ വാഹനം ലഭ്യമാകും.
18 ഇഞ്ച് അലോയ് വീലുകളാണ് കോമ്പസിന്റെ സ്പെഷ്യൽ എഡിഷനിൽ ജീപ്പ് ഒരുക്കിയിരിക്കുന്നത്. ഇത് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. 20.14 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.