ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നുള്ള ഏഴ് ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കി ഇന്ത്യ. രാജസ്ഥാനിലെ ജയ്പൂര്‍ നിവാസികള്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. വര്‍ഷങ്ങളായുള്ള തങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായതെന്ന് ഇവര്‍ പ്രതികരിച്ചു.
കല്യാണ്‍, റോഷന് കുമാര്‍, സുഗ്ന ദേവി, അനിത ദേവി, ഷബ്രീന്, സിക്കന്ദര്‍ കുമാര്‍, മൊഹാനി എന്നിവര്‍ക്കാണ് പൗരത്വം ലഭിച്ചത്. ഏഴ് പേരെയും ജയ്പൂര്‍ ജില്ല കളക്ടര്‍ അന്താര് സിംഗ് നെഹ്റ അഭിനന്ദിച്ചു. ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ പൗരന്മാരായിരിക്കട്ടെയെന്നും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തന്റെ കുടുംബവും ബന്ധുക്കളും 20 വര്‍ഷമായി ജയ്പൂരിലാണ് താമസമെന്ന് പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം സിക്കന്ദര്‍ കുമാര്‍ പ്രതികരിച്ചു. ഇന്ത്യയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് സാധ്യമായിരിക്കുന്നു. ഒരു ഇന്ത്യക്കാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സിക്കന്ദര്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വം ലഭിച്ചതിലൂടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമാകാന്‍ പോകുകയാണെന്ന് സിക്കന്ദറിന്റെ സഹോദരി അനിത ദേവിയും സന്തോഷം പ്രകടിപ്പിച്ചു.