കാണാന്‍ ഒരു പാവം ഇത്തിരിക്കുഞ്ഞനാണെങ്കിലും , ചെറുപയര്‍ ആളൊരു ഭീകരനാണ് . 4500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെറുപയര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. ശ്രീ ബുദ്ധന് തന്റെ ശിഷ്യഗണങ്ങള്‍ക്ക് ചെറുപയറിന്റെ കുഴമ്പു കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നുവത്രെ! 400 ബിസി യില്‍ സുശ്രുതനും ധാന്യങ്ങളില്‍ ഏറ്റവും ഗുണമുള്ളത് ചെറുപയറിനാണ് എന്നു പറഞ്ഞിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിലെ പ്രശസ്ത സഞ്ചാരി ആയിരുന്ന ഇബ്നു ബത്തൂത്ത തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട് , നമ്മുടെ ഭക്ഷണ ശീലത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമായിരുന്നു ചെറുപയര്‍ എന്ന്. ചെറുതല്ല ചെറുപയറിന്റെ പെരുമ എന്ന് മനസിലായില്ലേ?
രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കാന്‍ ബഹുകേമമാണ് ചെറുപയര്‍. പ്രോട്ടീനും ഫൈബറും ധാരാളം ഉള്ളതുകൊണ്ടു ചെറുപയര്‍ അമിതവണത്തിനുള്ള ഒരു പ്രശ്നപരിഹാരം കൂടിയാണ്. ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡും ചെറുപയറില്‍ സമൃദ്ധം. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അത്യുത്തമമാണ് ചെറുപയര്‍.ആന്റിഓക്സിഡെന്റ് ധാരാളമായി ഉള്ളതുകൊണ്ടു ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ് . അയണും, മാഗ്നേഷിയവും,വിറ്റാമിന്‍ C ,E, K യും എല്ലാം അടങ്ങിയിട്ടുമുണ്ട് ഇതിൽ .
നിത്യേനെയുള്ള ആഹാരത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധി വരെ തടയാന്‍ കഴിയും. മുടിയുടെ വളര്‍ച്ചയ്ക്കും ചെറുപയര്‍ അത്യുത്തമമാണ് . വേവിച്ച ചെറുപയര്‍ അരച്ച് തൈരും ചേര്‍ത്ത് തലയോട്ടിയില്‍ ചേര്ത്തുപിടിപ്പിച്ചാല് മുടിയുടെ ആരോഗ്യം കൂടുകയും തിളക്കം വര്‍ധിക്കുകയും ചെയ്യും. ഇനി , ചെറുപയര്‍ പൊടി തേച്ച് ഒന്നു കുളിച്ചു നോക്കൂ . തിളക്കമുള്ള, മിനുസമാര്‍ന്ന ചര്‍മ്മവും സ്വന്തമാക്കാം . മനസിലായില്ലേ ശരീരത്തിനു അകത്തെ മാത്രമല്ല , പുറത്തെയും സംരക്ഷിക്കാൻ ചെറുതല്ലാത്ത ഈ പയറിനു കഴിയും
ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് പണ്ടുള്ളവർ കഞ്ഞിയും , പയറും ഒരു ശീലമാക്കിയതെന്നതും മറക്കണ്ടാ…