അനധികൃതമായി വാഹനങ്ങളിൽ രൂപമാറ്റം നടത്തിയാൽ അധികൃതർ പിടിച്ച് പിഴ എഴുതി തരും, എന്നാൽ എല്ലാ മോഡിഫിക്കേഷനുകളും നിയമവിരുദ്ധമാണോ? സംശയമുണ്ടാകാം. വാഹനങ്ങളിൽ അനധികൃതമായി വരുത്തുന്ന എല്ലാ രൂപമാറ്റങ്ങളും നിയമവിരുദ്ധമാണ്. അപ്പോൾ പിന്നെ എങ്ങനെ നമ്മുടെ വാഹനങ്ങളെ മനോഹരമാക്കും? വഴിയുണ്ടല്ലോ. അധികൃതരുടെ അനുമതിയോടെ വാഹനം മോഡിഫൈ ചെയ്താൽ അത് നിയമവിരുദ്ധമാവില്ല. ആർ ടി ഒ യുടെ അനുമതിയോടെ വാഹനങ്ങളിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.
വാഹനത്തിൽ രൂപമാറ്റം വരുത്തിയാൽ ഏഴുദിവസത്തിനകം വാഹനം ആർ ടി ഒയ്ക്ക് മുന്നിൽ ഹാജരാക്കി രേഖകൾ പുതുക്കണം എന്നാണ് നിയമം. നിയമവിരുദ്ധമാവാത്ത ചില മോഡിഫിക്കേഷനുകൾ എന്തൊക്കെയാണെന്ന് നോക്കാം.
വാഹനത്തിന്റെ നിറം മാറ്റാൻ ആണ് ഉദ്ദേശ്യം എങ്കിൽ നിറം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ ആർ ടി ഒ യ്ക്ക് നൽകണം. ആർ ടി ഒ യിൽ നിന്നും അനുമതി ലഭിക്കുന്ന പക്ഷം നിങ്ങൾക്ക് വാഹനത്തിന്റെ നിറം മാറ്റാവുന്നതാണ്. കൂടാതെ ആർ സി ബുക്കിൽ പുതിയ നിറം രേഖപ്പെടുത്തുകയും ചെയ്യണം.
കാറിന്റെ കുറഞ്ഞ പതിപ്പ് വാങ്ങിയതിന് ശേഷം ടോപ് വേരിയെന്റ് ഫീച്ചറുകളും ആക്സസറികളും വാഹനത്തിൽ ചേർക്കുന്നതിനും നിയമതടസമില്ല.
ആർ സി ബുക്കിൽ എഞ്ചിൻ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ എഞ്ചിനിൽ മാറ്റം വരുത്താനും ആർ ടി ഒ യുടെ അനുമതി തേടേണ്ടതുണ്ട്. പുതിയ എഞ്ചിൻ വിവരങ്ങൾ ആർ സി ബുക്കിൽ ചേർക്കാനും മറക്കരുത്.
വാഹനങ്ങൾ വലിച്ചുനീട്ടുന്നത് (സ്ട്രെച്ചിംഗ്) നിയമവിരുദ്ധമാണ്. കുറച്ച് നാളുകൾ മുമ്പ് പിടിക്കപ്പെട്ട ലീമോസീൻ പരിവേഷത്തിൽ ഉണ്ടായ നിസാൻ സണ്ണി ഇതിനൊരു ഉദാഹരണം ആണ്.
വാഹനത്തെ വെട്ടിയൊതുക്കുന്നതും നിയമവിരുദ്ധ മോഡിഫിക്കേഷനുകളിൽ ഉൾപ്പെടും.നിർമാതാക്കൾ പുറത്തിറക്കുന്ന പാർട്സുകൾക്ക് പുറമെ വാഹനത്തിൽ ചേർക്കുന്ന അനൗദ്യോഗിക പാർട്സുകളും ഘടനകളും അനധികൃത രൂപമാറ്റത്തിൽ ഉൾപ്പെടും.
ഓഫ് റോഡിങിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉയരം വർധിക്കാൻ ഉപയോഗിക്കുന്ന ലിഫ്റ്റ് കിറ്റുകളും നിയമവിരുദ്ധമാണ്. റോഡിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് അപകടങ്ങൾ വിളിച്ചു വരുത്തും.