രാജ്യത്ത് കൊറോണ വൈറസ് പടരുമ്പോള്‍ അതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ തയ്യാറാകാത്തവരാണ് കൂടുതലെന്ന് പഠനറിപ്പോര്‍ട്ട്. രോഗം വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളിൽ നല്കിയ ഇളവാണെന്ന അഭിപ്രായക്കാര്‍ 18.8 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രോഗം പടരുന്നതിന്റെ പ്രധാന കാരണം ആളുകളുടെ അശ്രദ്ധയാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. രോഗം സംബന്ധിച്ച ഊഹാപോഹങ്ങളും വസ്തുതയും തമ്മിലുള്ള അന്തരമാണ് ഈ റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുന്നത്.
കൊറോണയോട് ഇന്ത്യ നടത്തുന്നത് വിജയകരമായ പോരാട്ടമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത എഴുപത് ശതമാനം പേരുടെയും അഭിപ്രായം. രാജ്യത്തെ മുന്നൂറ് ജില്ലകളിലെ എട്ടുലക്ഷത്തോളം ആളുകള്‍ക്കിടയിലായിരുന്നു ഇക്കാര്യത്തില്‍ സര്‍വേ നടത്തിയത്. ജനങ്ങളുടെ അശ്രദ്ധയാണ് രോഗം വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് അറുപത് ശതമാനം പേരും പറയുന്നു. 12.45 ശതമാനം ആളുകള്‍ രോഗനിര്‍ണയത്തിലുള്ള പരിശോധനയില്‍ അസംതൃപ്തരാകുമ്പോള്‍ 9.34 ശതമാനം ചികിത്സാസൗകര്യങ്ങളുടെ അഭാവമാണ് ചൂണ്ടിക്കാണിക്കുന്നത്.
യുപിയില്‍ നിന്നും ബീഹാറില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെ പേർ ജനങ്ങളുടെ അശ്രദ്ധയാണ് രോഗനിരക്ക് കൂട്ടുന്നതെന്ന് ഉറപ്പിച്ചു പറയുന്നു. മധ്യപ്രദേശ്, രാസസ്ഥാന്, ഡല്‍ഹി തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ മുന്നൂറ് ജില്ലകളില്‍ നിന്നുള്ളവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. പബ്ലിക് ആപ്പിന്റെ സഹായത്തോടെ നടത്തിയ സര്‍വേയില്‍ രോഗത്തെ ഭയക്കുന്നതില്‍ കാര്യമില്ലെന്നും പ്രതിരോധമാണ് വേണ്ടതെന്നുമുള്ള അഭിപ്രായത്തോട് യോജിക്കുന്നവരാണ് അധികവും.
കേരളമുള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ രോഗവ്യാപനനിരക്ക് ദിനംപ്രതി കൂടുമ്പോള്‍ സമ്പൂര് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് വിവിധതലങ്ങളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ സ്വയം കരുതല്‍ രോഗവ്യാപനത്തെ തടയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണലോക്ക്ഡൗണ്‍ ഒഴിവാക്കി രോഗ വ്യാപനം അധികമുള്ള പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്ന നയത്തിനാണ് കേന്ദ്ര സർക്കാർ ഉൾപ്പെടെ താല്പര്യം പ്രകടിപ്പിച്ചത്.















