റോബോട്ടുകൾ പല ജോലികളും ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ബ്രസീലിൽ ഒരു നായ ആണ് സെയിൽസ് പേഴ്സൺ ആയി ചുമതല ഏറ്റത്. തങ്ങളുടെ ഷോറൂമിന്റെ പരിസരത്ത് ജീവിച്ചിരുന്ന തെരുവ് നായയെ ദത്തെടുത്ത് സെയിൽസ് പേഴ്സൺ ആയി നിയമിച്ചത് ബ്രസീലിലെ ഹ്യൂണ്ടായ് ഷോറൂമാണ് . അതാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത് .
ഒരു ട്വിറ്റർ ഉപഭോക്താവായ നടാഷ ആണ് ടക്സൺ എന്ന് പേരിട്ടിരിക്കുന്ന നായയുടെ ഐഡന്റിറ്റി കാർഡ് ധരിച്ചു കൊണ്ടുള്ള ചിത്രം ആദ്യം പങ്കു വെച്ചത് . തുടർന്ന് ബ്രസീലിലെ ഹ്യൂണ്ടായ് ഷോറൂം തങ്ങളുടെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ടക്സണിന്റെ കൂടുതൽ ചിത്രങ്ങൾ പങ്ക് വെയ്ക്കുകയും , വാർത്ത ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു . ഈ വാർത്ത വായിക്കുന്നവരുടെ ചുണ്ടിൽ ഒരു ചെറു മന്ദസ്മിതമെങ്കിലും വരാതിരിക്കില്ല എന്നുള്ളത് സത്യം .
ഒരു വയസ്സ് പ്രായമുള്ള നായ ഷോറൂമിന്റെ ചുറ്റുവട്ടത്ത് ഏറെക്കാലമായി ജീവിച്ചു വരികയായിരുന്നു . തുടർന്നാണ് ഷോറൂം നായയെ ദത്തെടുക്കാൻ തീരുമാനിച്ചതും ഷോറൂമിൽ താമസിക്കാൻ അനുവദിക്കുകയും ചെയ്തത് . ഒരു വളർത്തു നായേക്കാളുപരി ഞങ്ങൾ ഒരു കുടുംബമാണെന്ന അടിക്കുറിപ്പോടെയാണ് ഹ്യൂണ്ടായ് ചിത്രങ്ങൾ പങ്കു വെച്ചത് .
ഷോറൂമിൽ അഭിമാനിയായി ഇരിക്കുന്ന ടക്സണിന്റെ ചിത്രങ്ങൾ ഇന്റർനെറ്റ് വാർത്തകൾ ആസ്വദിക്കുന്നവർക്ക് പ്രിയങ്കരമാവുകയും, പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് മുപ്പതിനായിരത്തിലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തു .
ഇരുപത്തിയെണ്ണായിരം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ടക്സൺ ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ സെലിബ്രിറ്റിയാണ് .
ഷോറൂമിനെ ചുറ്റിപറ്റി ജീവിച്ചിരുന്നതിനാൽ അവിടത്തെ ജോലിക്കാർ നായ്ക്ക് വയർ നിറയെ ഭക്ഷണം കൊടുക്കുകയും , കുളിപ്പിക്കുകയും, ഒരു കൂടുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു .ഈ വർഷം മെയ് 21നാണ് ഹ്യുണ്ടായ് ടക്സണിനെ ദത്തെടുക്കുന്നത് . അലിഞ്ഞു തിരിഞ്ഞു നടന്ന് ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചിരുന്ന നായയാണ് ടക്സൺ . മനുഷ്യത്വത്തിന്റെ മറ്റൊരു മുഖം കൂടിയാണ് ഈ ദത്തെടുക്കലിലൂടെ നമ്മൾ കാണുന്നത് .
ഷോറൂമിലെ ജോലിക്കാരൻ എന്ന് കാണുന്നതിലും കൂടുതലായി മൃഗസ്നേഹികളായ മനുഷ്യർ അവനെ ഷോറൂമിന്റെ മോഡലും അംബാസ്സഡറുമൊക്കെ ആക്കിയിരിക്കുന്നു .