ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ജനപ്രതിനിധികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ന്ന് ഭീകരര്‍. ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ബിജെപി സര്‍പഞ്ചിന് പരിക്കേറ്റു. കുല്‍ഗാമിലെ അഖ്രാന്‍ ഗ്രാമത്തിലെ സര്‍പഞ്ച് ആരിഫ് അഹമ്മദിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ഭീകരരുടെ വെടിവെയ്പ്പില്‍ ആരിഫ് അഹമ്മദിന് കഴുത്തിനാണ് പരിക്കേറ്റത്. ഖ്വാസിഗുണ്ടിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം , ജമ്മു കശ്മീരില്‍ അശാന്തി സൃഷ്ടിക്കാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ തുടരുകയാണ്. ഷോപിയാനില്‍ ഇന്ന് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തി. പ്രദേശത്ത് പട്രോളിംഗിനായി തമ്പടിച്ച സിആര്‍പിഎഫ്- ജമ്മു കശ്മീര്‍ പോലീസ് സംയുക്ത സംഘത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സുരക്ഷാ സേനയെ ഗ്രനേഡുകളും, തോക്കുകളും ഉപയോഗിച്ച് ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഭീകരരുടെ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.