കൊറോണ എന്ന വിപത്ത് രാജ്യത്ത് ആകമാനം പടര്‍ന്നു പിടിച്ചിരിക്കുന്നു. ലോകത്തെല്ലായിടത്തെയും ജനങ്ങളും ഈ വൈറസിന്റെ പ്രതിരോധത്തില്‍ തീര്‍ത്ത ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. സാധാരണ ജീവിതം സാധ്യമാക്കാന്‍ ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും എന്നതിന് വ്യക്തമായ ഒരു ഉത്തരമില്ല. ഈ സമയവും കടന്നു പോകും എന്ന് ആശ്വാസവാക്ക് മാത്രമാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്. ആളുകളുടെ മനസ്സ് മടുത്തു തുടങ്ങി എന്നതാണ് സത്യം. ആര്‍ക്കും ആരെയും കാണാന്‍ സാധിക്കുന്നില്ല. അടുത്തിടപഴകാനാവുന്നില്ല.
എത്രയോ യാത്രകള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം ഇല്ലാതായി. ഒറ്റപ്പെട്ടും ഒതുങ്ങിയുമുഉള്ള ജീവിതം പല ആളുകളുടേയും താളം തെറ്റിച്ചു തുടങ്ങിയിരിക്കുന്നു. പലരേയും വിഷാദ രോഗത്തില്‍ വരെ കൊണ്ടെത്തിക്കുന്നു. കൂട്ടുകാരുമൊന്നിച്ചുള്ള ചുറ്റി കറക്കവും, ഒരുമിച്ചു തീയറ്ററില്‍ പോയുളള സിനിമ കാണലും , വൈകുന്നേരങ്ങളില്‍ ബീച്ചിലൂടെയുളള കറക്കവും തട്ടുകടകളില്‍ നിന്നുളള ചൂടന്‍ വിഭവങ്ങളുമെല്ലാം നിലച്ചു. കടല്‍ തീരത്ത് ആരുടേയും കാലുകളില്‍ തട്ടികളിക്കാനാവാതെ തിരമാലകള്‍ ഒറ്റയ്‌ക്കായി. ജോലിഭാരവും മാനസിക ബുദ്ധിമുട്ടുകളും കൂടുമ്പോള്‍ ആശ്വാസത്തിനായി നടത്താറുള്ള യാത്രകളും നഷ്ടമായി. വേനലവധി ആഘോഷമാക്കാന്‍ കാത്തിരുന്ന കുട്ടികളുടെ അവസ്ഥയും മറിച്ചല്ല.
എല്ലാവരും വീട്ടിനുള്ളില്‍ തന്നെ എന്നും കാണുന്ന കാഴ്ചകള്‍ എന്നും കേള്‍ക്കുന്ന ശബ്ദങ്ങള്‍ മാസങ്ങളായി മാറ്റമില്ലാതെ തുടരുന്നു. നമ്മുടെ സാധാരണ ജീവിതത്തില്‍ നിന്നും നമ്മള്‍ വിലക്കപ്പെട്ടിട്ട് ആറു മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും വിലക്കുകള്‍ മാത്രമാണ് ബാക്കി. വൈറസിന്റെ വ്യാപനം ശമനവില്ലാതെ കൂടിക്കൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നു. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന് കവി പാടിയത് വെറുതെയല്ല എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും നാം മനസിലാക്കി കഴിഞ്ഞു. ആശ്വസിക്കാം ഈ സമയവും കടന്നു പോകും പഴയകാലം തിരിച്ചുവരും.















