ന്യൂഡല്‍ഹി : ഇന്ത്യയിലെ വ്യാപാരികള്‍ക്കിടയില്‍ ചൈനീസ് വിരുദ്ധ മനോഭാവം ശക്തമാകുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് വ്യാപാര സംഘടന ചൈന ക്വിറ്റ് ഇന്ത്യ ക്യാമ്പെയ്ന് സംഘടിപ്പിക്കും. കോണ്‍ഫെഡെറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആണ് ആഗസ്റ്റ് ഒന്‍പതിന് ചൈന ക്വിറ്റ് ഇന്ത്യ ക്യാമ്പെയ്ന് സംഘടിപ്പിക്കുന്നത്.
ചൈനീസ് ഉത്പനങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് രാജ്യത്തെ 600 നഗരങ്ങളിലാണ് സിഎഐടി ക്യാമ്പെയ്ന് നടത്തുന്നത്. 40,000 ചെറുവ്യാപാര സംഘടനകളിലെ ഏഴ് കോടി വ്യാപാരികള്‍ ക്യാമ്പെയിനില്‍ പങ്കെടുക്കുമെന്നും സിഎഐടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍, നമ്മുടെ അഭിമാനം എന്ന സംഘടനയുടെ കാഴ്ച്ചപ്പാടില്‍ ഊന്നിയാണ് ക്യാമ്പെയ്ന് സംഘടിപ്പിക്കുന്നത് എന്ന് സിഎഐടി ഡല്‍ഹി കണ്‍വീനര്‍ സുശീല്‍ കുമാര്‍ ജെയ്ന്‍ പറഞ്ഞു. ക്യാമ്പെയ്ന് സംഘടിപ്പിക്കുന്നതിന് പുറമേ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്നും ചൈനീസ് കമ്പനികളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെടും. കൂടാതെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്കുന്ന കാര്യവും സൂചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി തന്ത്രപ്രധാന നീക്കങ്ങള്‍ക്കൊടുവിലാണ് ചൈന ഇന്ത്യയിലെ വിപണി കയ്യടക്കിയത്. ചൈന വിപണി കയ്യടക്കിയതോടെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. ചൈനീസ് കമ്പനികളുടെ സ്വാധീനത്തില്‍ നിന്നും ഇന്ത്യന്‍ വിപണിയെ മോചിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ചൈനയുടെ മേലുള്ള ആശ്രയത്വം ഇല്ലാതാക്കി സ്വാശ്രയ രാജ്യമായി ഇന്ത്യയെ ഉയര്‍ത്തണമെന്നും ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
Comments