കോഴിക്കോട്: കൊറോണയും കനത്ത മഴയും വകവെയ്ക്കാതെ കരിപ്പൂരില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നാട്ടുകാര്‍. കനത്ത മഴയെ പോലും അവഗണിച്ചു കൊണ്ടാണ് രക്ഷാ പ്രവര്‍ത്തനത്തിനായി നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിക്കൂടിയത്. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരുടെ സഹായത്തോടെ ഭുരിഭാഗം യാത്രക്കാരെയും എത്രയും വേഗം പുറത്തെത്തിക്കാന്‍ കഴിഞ്ഞു.
വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ വിമാനത്താവളത്തിലേക്കെത്തി. കോഴിക്കോട് – മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള ആംബുലന്‍സുകളാണ് നിമിഷ നേരത്തിനുള്ളില്‍ സേവാ സന്നദ്ധരായി വിമാനത്താവളത്തിലെത്തിയത്. വാഹനമുള്ള സമീപവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി വാഹനവുമായി എത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പരിക്കേറ്റവരെ ആദ്യം കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ് എത്തിച്ചത്. സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലേയും സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ ഈ ആശുപത്രികളില്‍ സന്നദ്ധ സേവനത്തിനെത്തി. പിന്നീട് ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ഇന്ധന ചോര്‍ച്ചയുണ്ടായതിനാല്‍ തീപിടുത്ത ആശങ്കയും ആദ്യ ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തകരെ അലട്ടിയിരുന്നെങ്കിലും പിന്നീട് ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ അത് പരിഹരിച്ചു.
Comments