ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തില്‍ നാപ്പോളിയെ പരാജയപ്പെടുത്തി ബാഴ്സലോണ ക്വാര്‍ട്ടറില്‍. സ്വന്തം തട്ടകമായ ക്യാംപ്നൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ വിജയം. ഇരുപാദങ്ങളിലുമായി 4-2നാണ് ബാഴ്സ നാപ്പോളിയെ മറികടന്നത്.
തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച പ്രകടനമാണ് നാപ്പോളി കാഴ്ചവെച്ചത്. കളിയുടെ ആദ്യ മിനിട്ടു മുതല്‍ തന്നെ ശക്തമായ പോരാട്ടമാണ് നാപ്പോളിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. 18 ഷോട്ടുകളാണ് നാപ്പോളി താരങ്ങള്‍ ബാഴ്സയുടെ പോസ്റ്റിലേക്ക് പായിച്ചത്. കൃത്യമായ പാസിംഗും വിംഗുകളിലൂടെയുള്ള മുന്നേറ്റങ്ങളുമായി നാപ്പോളി കളം നിറഞ്ഞപ്പോള്‍ കിട്ടിയ അവസരങ്ങള്‍ പരമാവധി മുതലാക്കാന്‍ കഴിഞ്ഞതാണ് ബാഴ്സയുടെ വിജയത്തില്‍ നിര്‍ണായകമായത്.
സൂപ്പര്‍ താരം ലയണല്‍ മെസി മികച്ച ഫോമിലായതും ബാഴ്സയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. കളിയുടെ ആദ്യ പകുതിയില്‍ തന്നൊണ് നാല് ഗോളുകളും പിറന്നത്. 10-ാം മിനിട്ടില്‍ ക്ലെമെന്റ് ലെന്ഗ്ലെറ്റാണ് ബാഴ്സയുടെ ഗോളടിക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ 23-ാം മിനിട്ടില്‍ മെസിയുടെ മാജിക്ക് ഗോളും എത്തി. പിന്നീട് മെസി വീണ്ടും ഗോള്‍ നേടിയെങ്കിലും വിഎആറില്‍ ഹാന്‍ഡ് ബോളാണെന്ന് കണ്ടെത്തി. ആദ്യ പകുതി അവസാനിക്കാനിരിക്കെ മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലൂയിസ് സുവാരസ് ഗോളാക്കി മാറ്റി. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാപ്പോളിയും പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചാണ് ബാഴ്സയുടെ എതിരാളികള്‍.
Comments