വെള്ളിയാഴ്ച രാത്രി നെടുമ്പ്രം പഞ്ചായത്തിലെ താഴ്ന്ന പ്രദേശമായ കല്ലുങ്കലില്‍ വെള്ളം കയറുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ വിജയന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനില്‍കുമാറിനെ വിളിച്ചു പറഞ്ഞു. ഒന്നും പേടിക്കേണ്ട അടിയന്തിരമായി മണിപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാം എന്ന് പ്രസിഡന്റ് അറിയിച്ചു. ഒട്ടും വൈകാതെ മണിപ്പുഴയിലെ സേവാഭാരതി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കമുണ്ടായേക്കാമെന്ന വിവരം മുന്‍കൂട്ടി ലഭിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സജ്ജരായിരുന്നു.
മണിപ്പുഴ ഗായത്രി ഓഡിറ്റോറിയം പ്രദേശത്തെ തമിഴ് ബ്രാഹ്മണ സമൂഹത്തിന്റേതാണ്. സമാജത്തിലെ എന്താവശ്യത്തിനും ചോദിക്കേണ്ട താമസം ഹാള്‍ വിട്ടു നല്‍കാന്‍ മടിയില്ലാത്തവരാണ് ഭാരവാഹികളെല്ലാവരും. വേഗത്തില്‍ തന്നെ ഓഡിറ്റോറിയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തി പ്രസിഡന്റിനെ വിളിച്ചു പറഞ്ഞു. ശനിയാഴ്ച രാവിലെയോടെ ആളുകള്‍ ക്യാമ്പിലേക്ക് എത്തിത്തുടങ്ങി. വേണ്ട ക്രമീകരണങ്ങള്‍ അവിടെ ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ സുനില്‍ നേരിട്ടു വന്നു. നെടുമ്പ്രത്ത് വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചതോടെ ഉടന്‍ അദ്ദേഹം അങ്ങോട്ടേക്ക് പോയി. ഫോട്ടോ എടുക്കാനോ മറ്റ് കാര്യങ്ങള്‍ക്കോ അവിടെ നിന്നില്ല. അത് അദ്ദേഹത്തിന് ശീലവുമില്ല.
ചില രാഷ്‌ട്രീയക്കാര്‍ ക്യാമ്പില്‍ വന്നു നിന്ന് ചിത്രമെടുത്ത് മടങ്ങുന്നുണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ച് തന്നെ ക്യാമ്പിലേക്ക് ഭക്ഷണം പാചകം ചെയ്യാന്‍ പാത്രങ്ങള്‍ വേണമെന്ന് ആളുകള്‍ സേവാഭരതി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വലിയ ചരുവം, അരി വാര്‍ക്കാനുള്ള പാത്രം, വെള്ളം സംഭരിച്ചു വയ്‌ക്കാനുള്ള ടാങ്ക് ഇതൊക്കെയാണ് വേണ്ടിയിരുന്നത്. ഒരു മണിക്കൂറിനുള്ളില്‍ പറഞ്ഞ സാധനങ്ങളെല്ലാം എത്തിച്ചു നല്‍കി മടങ്ങവേയാണ് സ്ഥലം എം.എല്‍.എ. മാത്യു. ടി. തോമസ് ക്യാമ്പിലേക്ക് എത്തിയത്. തിരുവല്ല തഹസില്‍ദാര്‍ മിനി. കെ. തോമസും ഒപ്പമുണ്ടായിരുന്നു.
ക്യാമ്പിലെ ക്രമീകരണങ്ങളും വൃത്തിയും കണ്ട് സജ്ജീകരിച്ചവരെ പറ്റി തിരക്കിയപ്പോള്‍ സാധനങ്ങള്‍ ഇറക്കി മടങ്ങുകയായിരുന്ന സേവാഭാരതി പ്രവര്‍ത്തകരെ അമ്മമാര്‍ കാട്ടിക്കൊടുത്തു. ക്രമീകരണങ്ങളെ പറ്റിയെല്ലാം എം.എല്‍.എ. പ്രവര്‍ത്തകരോട് അന്വേഷിച്ചു. രണ്ട് കൈക്കുഞ്ഞുങ്ങള്‍ ക്യാമ്പിലുണ്ടെന്നും അവര്‍ക്കായി പ്രത്യേകം മുറി സജ്ജീകരിച്ചതടക്കമുള്ള കാര്യങ്ങള്‍ ആര്‍.എസ്.എസ്. ഖണ്ഡ് സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. തരുണ്‍ കുമാര്‍ വിശദീകരിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി രമേശ് ചിറ്റേഴുത്ത് മുഖ്യശിക്ഷക് എസ്. ശ്രീഹരി, എസ്. അഖില്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ഒരുക്കങ്ങളെല്ലാം വിശദമായി കണ്ട് പ്രവര്‍ത്തനങ്ങളെല്ലാം മാതൃകാപരമെന്ന് അഭിനന്ദനവും അറിയിച്ചാണ് എംഎൽഎ മടങ്ങിയത്.















