വാഷിംഗ് മെഷീനില്‍ വലിയൊരു പെരുമ്പാമ്പിനെ കണ്ടിട്ടും ഞെട്ടിയില്ല, മറിച്ച് അത് താന്‍ ഇട്ട ഏതെങ്കിലും തുണി ആയിരിക്കുമെന്ന് വിശ്വസിച്ച് സ്ത്രീ. ഫ്ളോറിഡയിലാണ് സംഭവം. സ്ത്രീയെ തെറ്റ് പറയാന്‍ സാധിക്കില്ല. കാരണം ഇപ്പോഴത്തെ ഫാഷന്‍ അങ്ങനെയാണ്.
മൃഗങ്ങളുടെയോ ജീവജാലങ്ങളുടെയോ ഡിസൈനിലുള്ള വസ്ത്രങ്ങളും വാലറ്റുകളുമൊക്കെ സാധാരണമാണ്. ഇതില്‍ ഏറ്റവും ആകര്‍ഷകമായതാണ് പാമ്പിന്റെ ഡിസൈനുള്ള വസ്ത്രങ്ങള്‍. സ്കാര്‍ഫുകളും മറ്റും ഈ ഡിസൈനുകളില്‍ പുറത്തിറങ്ങുന്നുമുണ്ട്.
നനയ്ക്കാനുളള തുണി വാഷിംഗ് മെഷീനിനു മുകളിലിട്ടിരുന്നത് എടുത്ത് അകത്തേക്ക് ഇട്ടേക്കാം എന്ന് കരുതിയാണ് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ താമസിക്കുന്ന എമിലി വിസ്നിക് എന്ന യുവതി അതിനടുത്തേക്ക് നീങ്ങിയത്. ഒറ്റനോട്ടത്തില്‍ പാമ്പിന്റെ ചര്‍മ്മത്തിന്റെ ഡിസൈനുള്ള വസ്ത്രമാണെന്നാണ് ഇവര്‍ കരുതിയത്. അതും എടുത്തേക്കാം എന്ന് കരുതി എമിലി അത് എടുക്കാനൊരുങ്ങി. എന്നാല്‍ പെട്ടെന്നാണ് അത് ജീവനുള്ള ഒരു പെരുമ്പാമ്പാണെന്ന് എമിലി വിസ്നിക് തിരിച്ചറിഞ്ഞത്. ഉടനെ അലറി വിളിക്കുകയായിരുന്നു എമിലി. തുടര്‍ന്ന് ഫ്ളാറ്റിലെ ജീവനക്കാരെ വിളിച്ചുവരുത്തി പാമ്പിനെ അവിടെനിന്ന് നീക്കം ചെയ്യുകയായിരുന്നു. അതേസമയം താന്‍ തുണി അലക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന വാഷിങ് മെഷീനില്‍ എങ്ങനെ പാമ്പ് കയറിയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് എമിലി പറയുന്നു.
കഴിഞ്ഞ കുറച്ചുകാലായി ഫ്ലോറിഡയില്‍ വന്‍ തോതില്‍ പെരുമ്പാമ്പുകളെ കണ്ടുവരുന്നുണ്ട്. അതേസമയം ബര്‍മീസ് പെരുമ്പാമ്പ് എന്ന വിഭാഗത്തില്‍ പെട്ടതായിരുന്നു എമിലിയുടെ വീട്ടില്‍ കടന്നുകൂടിയ പാമ്പ്. ഇവ അമേരിക്കയില്‍ കാണപ്പെടുന്ന ഇനമല്ല. വളര്‍ത്താനായി കൊണ്ടുവന്നവയാണ്. തദ്ദേശീയമായ മൃഗങ്ങള്‍, പക്ഷികള്‍ മറ്റ് ഉരഗങ്ങള്‍ എന്നിവയ്ക്ക് വലിയ ഭീഷണിയാണ് ഈ പാമ്പുകള്‍. അയ്യായിരത്തോളം ബെര്‍മിസ് പെരുമ്പാമ്പുകളെ ഫ്ലോറിഡയിലെ എവര്‍ഗ്ലേഡില്‍ നിന്ന് കുറച്ചു നാളുകളായി പിടികൂടിയിരുന്നു.
Comments