ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. നിയമവും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ച ‘ചലോ സന്‍സദ്’ മാര്‍ച്ചിന് അനുമതി നല്‍കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
ന്യൂഡല്‍ഹി ജില്ലയിലുടനീളം ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ പേര്‍ ഒത്തുകൂടുന്നതും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത സെക്ഷന്‍ 223 പ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ന്യൂഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സച്ചിന്‍ ശര്‍മ്മ അറിയിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ത്തിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുമാണ് സിജെപി പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തിയിരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ സംഭവവും പ്രതിഷേധത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ പൊതുസുരക്ഷയ്‌ക്കും പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും മുന്‍ഗണന നല്‍കിയാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റ് മന്ദിരം, ജന്തര്‍ മന്തര്‍, സെന്‍ട്രല്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗങ്ങളും ഉള്‍പ്പെടുന്ന മൂന്നടുക്ക് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലേക്കുള്ള പ്രധാന അതിര്‍ത്തി പ്രവേശന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ അനുമതിയുള്ള പ്രതിഷേധങ്ങള്‍ മാത്രമേ ജന്തര്‍ മന്തറിലെ നിശ്ചിത സമരവേദിയില്‍ അനുവദിക്കുകയുള്ളൂവെന്നും, സമാധാനവും പൊതുശാന്തിയും തകര്‍ക്കുന്ന നിയമവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സുഗമമായും സുരക്ഷിതമായും നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.















