ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമറ്റ് നിർമ്മാണശാല ഇന്ത്യയിലെ ഹരിയാനയിൽ ആരംഭിക്കുവാനൊരുങ്ങി സ്റ്റഡ്‌സ്. 5.5 ഏക്കറിലായി ഏകദേശം 200കോടി രൂപ മുതൽമുടക്കിൽ നിർമ്മാണശാല ആരംഭിക്കുന്നതിനായി 160 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തിയതായി സ്റ്റഡ്‌സ് ആക്‌സസറീസ് പറഞ്ഞു. നിലവിൽ ഹരിയാനയിലെ ഫരീദാബാദിൽ സ്റ്റഡ്സ് ഹെൽമെറ്റ് രണ്ട് നിർമ്മാണ ശാലകൾ ആരംഭിച്ചിട്ടുണ്ട്.

തണ്ടർ സീരീസ്, ഷിഫ്റ്റർ തുടങ്ങി മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾക്ക് പുറമെ സൈക്കിൾ ഹെൽമെറ്റുകളും വിപണിയിൽ ഇറക്കുമെന്ന് കമ്പനി പറഞ്ഞു. ഹെൽമെറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായ എക്സ്പാൻഡഡ് പോളിസ്റ്റൈറൈനിന് (EPS) ഇൻ പ്രൊഡക്ഷൻ യൂണിറ്റിൽ പ്രവർത്തനം ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഉൽപ്പാദനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന കമ്പനിയിൽ പ്രാദേശിക പൗരന്മാർക്ക് തൊഴിൽ അവസരങ്ങളും ഉണ്ടാകും. ഒപ്പം പുതിയ പ്ലാന്റുകൾ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്‌ക്കും സഹായകമാകുമെന്ന് സ്റ്റഡ്‌സ് ആക്‌സസറീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ ഭൂഷൻ ഖുറാന പറഞ്ഞു.

പുതിയ പ്ലാന്റുകളിൽ പ്രതിവർഷം 75 ലക്ഷം മോട്ടർസൈക്കിൾ ഹെൽമെറ്റുകളും 15 ലക്ഷം സൈക്കിൾ ഹെൽമെറ്റുകളും നിർമ്മിക്കും. പുതിയ പ്ലാന്റുകൾ ആരംഭിക്കുന്നതോടെ ഉൽപ്പാദനശേഷി 7 ദശലക്ഷത്തിൽ നിന്ന് 14 ദശലക്ഷമായി ഉയരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പുതിയ മാനുഫാക്ച്ചറിങ് യൂണിറ്റുകൾ ഉൾപ്പെടെ കമ്പനിക്ക് ഇന്ത്യയിൽ 4 നിർമ്മാണശാലകൾ ഉണ്ട്. അവയെല്ലാം തന്നെ ഹരിയാനയിലെ ഫരീദാബാദിൽ ആണ്.
ഈ സാമ്പത്തിക വർഷത്തിൽ പുതിയ ശ്രേണിയിലുള്ള ഹെൽമെറ്റുകളും അവതരിപ്പിക്കാൻ കമ്പനി തീരുമാനിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഏകദേശം 1500ൽ പരം ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് സ്റ്റഡ്‌സ് ആക്‌സസറീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ ഭൂഷൻ ഖുറാന പറഞ്ഞു. നിലവിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പ്ലാന്റുകളിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.















