ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് ലെയ്പ്സിഗിനെ നേരിടും. ഏറെക്കുറെ തുല്യശക്തികളുടെ പോരാട്ടമായാണ് മത്സരം വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുക.
പ്രതിരോധത്തിന് പേരുകേട്ട ടീമാണ് അത്ലറ്റിക്കോ മാഡ്രിഡ്. കഴിഞ്ഞ ഏഴ് സീസണുകളില്‍ അഞ്ചിലും അത്ലറ്റിക്കോ ക്വാര്‍ട്ടറില്‍ എത്തുകയും ചെയ്തിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ മറികടന്നാണ് അത്ലറ്റിക്കോ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഇത് ടീമിന് നല്കുന്ന ആത്മവിശ്വാസവും ചെറുതല്ല.
അതേസമയം, മറുഭാഗത്ത് ആദ്യമായാണ് ലെയ്പ്സിഗ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ടോട്ടനത്തെയാണ് ലെയ്പ്സിഗ് കീഴടക്കിയത്. ജര്‍മന്‍ ലീഗില്‍ അവസാനം കളിച്ച 15 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ലെയ്പ്സിഗ് തോല്‍വി അറിഞ്ഞത്. വിജയികള്‍ സെമി ഫൈനലില്‍ പിഎസ്ജിയെ നേരിടും.
Comments