ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിന്റെ അത്ഭുതം ആരേയും അമ്പരപ്പിക്കുന്നതാണ്. സ്വയം രജസ്വലയാകുന്ന ദേവിയാണ് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ അത്ഭുതം. പൂജ സമയത്ത് ദേവിയുടെ ഉടയാടയില്‍ സ്വയം രജസ്വലയാകുന്നതിന്റെ അടയാളങ്ങള്‍ കാണുന്നുവെന്നാണ് വിശ്വാസം . അങ്ങനെ കണ്ടു കഴിഞ്ഞാല്‍ മൂന്ന് ദിവസത്തേക്ക് നട അടച്ചിടുകയും
നാലാം ദിവസം ദേവിയെ ആഘോഷപൂര്‍വ്വം മിത്രപുഴയില്‍ കൊണ്ടുപോയി ആറാട്ട് നടത്തി കുളിപ്പുരയില്‍ ആനയിച്ചിരുത്തുകയും ചെയ്യുന്നു. അതിനുശേഷം പടിയാന പുറത്തെഴുന്നെള്ളിക്കുന്നു. ആ സമയത്ത് മഹാദേവനും ദേവിയെ കാണാനായി വരുന്നു എന്നതാണ് വിശ്വാസം. നെയ്യ് വിളക്കും കാണിക്കയും പൂക്കളുമായി ഭക്തര്‍ ദേവിയെ കാണാന്‍ എത്തുന്നു. കേരളത്തില്‍ ഇത്തരമൊരു അത്ഭുതം നടക്കുന്ന ക്ഷേത്രം വേറെ കാണാനാവില്ല.
പാര്‍വതി സമേതനായ പരമേശ്വരനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മഹാദേവക്ഷേത്രം എന്നാണ് പറയപ്പെടുന്നതെങ്കിലും ദേവി ക്ഷേത്രമായാണ് പ്രചാരം നേടിയത്. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് വളരെ പ്രസിദ്ധമാണ്. പമ്പയുടെ കൈവഴിയായ മിത്രപുഴയിലാണ് ഉത്സവത്തിന്റെ അവസാനം മഹാദേവന്റെ ആറാട്ടും തൃപ്പൂത്താകുന്ന ദേവിയുടെ ആറാട്ടും നടക്കുന്നത്. ക്ഷേത്രത്തിനു അരകിലോമീറ്റര്‍ അകലെയായാണ് പമ്പാനദി ഒഴുകുന്നത് .
ധനുമാസത്തിലെ തിരുവാതിര നാളില്‍ തുടങ്ങി മകരമാസത്തിലെ തിരുവാതിര നാളുവരെ ഇരുപത്തിയെട്ടുദിവസം നീണ്ടു നില്ക്കുന്ന തിരുവുത്സവമാണ് മഹാദേവ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം. ഈ ഇരുപത്തിയെട്ടു ദിനങ്ങളും ആ പ്രദേശം മുഴുവന്‍ ആഘോഷത്തിമര്‍പ്പിലായിരിക്കും.
വട്ട ശ്രീകോവിലും ശില്പങ്ങളോടുകൂടിയ ക്ഷേത്ര ചുവരുകളും, നമസ്കാര മണ്ഡപവും, നാലമ്പലവും, കൂത്തമ്പലവും,ആനക്കൊട്ടിലുമുളള ഈ ക്ഷേത്രം കേരളീയ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വഞ്ഞിപ്പുഴ തമ്പുരാന്മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്.
Comments