ഭാരതം എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ,ലോകം കണ്ട മികച്ച മണൽച്ചിത്ര പ്രതിഭകളിൽ ഒരാളായ സുദർശൻ പട്നായിക് , കൊറോണക്കെതിരെ പോരാടുന്നവരെയും സൈനികരെയും അനുസ്മരിച്ചു കൊണ്ട് പുരി ബീച്ചിൽ വീണ്ടും ഒരു മനോഹര മണൽച്ചിത്രം രചിച്ചിരിക്കുന്നു .
എഴുപത്തിനാലാമതു സ്വാതന്ത്ര്യദിനം എന്നും , എല്ലാ ധീര പോരാളികൾക്കും പ്രണാമം എന്നുമെഴുതിയ മണൽച്ചിത്രം , “എല്ലാവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ , കൊറോണക്കെതിരെ ധീരമായി അഹോരാത്രം പ്രവർത്തിക്കുന്നവരെയും രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി രാവും പകലും ഉണർന്നിരിക്കുന്ന സൈനികരെയും ഈ അവസരത്തിൽ പ്രണമിക്കാം” എന്ന അടിക്കുറിപ്പോടെ സുദർശൻ പട്നായിക് തന്നെയാണ്,തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ലോകത്തോട് പങ്കു വെച്ചത് .
ചിത്രത്തിൽ സൈനികർ , ഡോക്ടർ , നഴ്സ് , പോലീസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് സുദർശൻ വരച്ചു ചേർത്തിരിക്കുന്നത് . കൂടാതെ മണൽച്ചിത്രം തയ്യാറാക്കുന്നതിന്റെ വീഡിയോയും സുദർശൻ പങ്കു വെച്ചിരിക്കുന്നു .
മണൽച്ചിത്രങ്ങൾ രചിക്കുന്നതിൽ അഗ്രഗണ്യനായ സുദർശൻ ലോകം തെരഞ്ഞെടുത്തിരിക്കുന്ന അപൂർവം ചില മണൽച്ചിത്രകാരന്മാരിൽ ഒരാളാണ് .തന്റെ മണൽച്ചിത്രങ്ങളിലൂടെ ഭാരതത്തിനു ഒട്ടനവധി പുരസ്കരങ്ങളും അംഗീകാരങ്ങളും അഭിമാനിക്കാവുന്ന നിമിഷങ്ങളും നേടി തന്ന വ്യക്തികൂടിയാണ് ഒഡിഷക്കാരനായ ഈ കലാകാരൻ . അയോദ്ധ്യ രാമക്ഷേത്ര ശിലാസ്ഥാപന ദിനം , ക്ഷേത്രത്തിന്റെ മാതൃക മണലിൽ തീർത്തു കൊണ്ട് അദ്ദേഹം ഭഗവാൻ ശ്രീരാമനോടുള്ള ആദരവും , അയോദ്ധ്യയിൽ രാമക്ഷേത്രം എന്ന ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷവും ലോകത്തോട് പങ്കു വെച്ചിരുന്നു .
സുദർശൻ ഇന്റർനെറ്റ് ലോകത്തിലേക്ക് തന്റെ ചിത്രം പങ്കു വെച്ച ഉടൻ തന്നെ വൻ സ്വീകരണമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത് . കൊറോണ എന്ന മഹാമാരി നമ്മളെ വിടാതെ പിന്തുടരുമ്പോൾ , അഹോരാത്രം ജനങ്ങളുടെയും രാജ്യത്തിന്റെയും സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവരെ സ്മരിക്കാതിരിക്കുന്നത് ഉചിതമല്ല . സുദർശൻ പട്നായിക് തന്റെ ചിത്രത്തിലൂടെ നമ്മെ ഓർമ്മിപ്പിച്ചിരിക്കുന്നതും ഇത് തന്നെയാണ് .
Comments