വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളാണ് ടയറുകൾ. എഞ്ചിന് എത്ര കരുത്തുണ്ടെങ്കിലും ടയർ മോശമാണെങ്കിൽ പിന്നെ എന്തു ചെയ്യും ? ഒരു ടയർ മോശമായാൽ മറ്റൊന്ന്, അങ്ങനെയാണ് എല്ലാവരും ചിന്തിക്കുക. എന്നാൽ ആരും തന്നെ ടയറിന്റെ ആയുസ്സ് വർധിപ്പിക്കാൻ എന്താണൊരു വഴി എന്ന് ചിന്തിക്കാറില്ല. നിങ്ങളുടെ ടയറിന്റെ ആയുസ്സ് വർധിപ്പിക്കാനുള്ള വഴി എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. ശരിയായ മർദ്ദം കാത്തുസൂക്ഷിക്കുക എന്നതാണ് ഒരു ടയറിന്റെ ആയുസ്സ് വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. ടയറിൽ മുഴുവനായി കാറ്റ് നിറച്ചാൽ നല്ല മൈലേജും കൺട്രോളും ലഭിക്കുമെന്ന ധാരണ തെറ്റാണ്.
2. ഒടിവും ചതവുമില്ലാത്ത ടയറുകൾ ഉള്ള വാഹനങ്ങൾക്ക് നിർമ്മാതാക്കൾ പറയുന്ന നിയന്ത്രണം ലഭിക്കുന്നതാണ്. സ്ഥിരമായി ദുർഘടമായ പാതയിലൂടെ വാഹനം ഓടിക്കുന്നവർ 5000കിലോമീറ്റർ കൂടുമ്പോൾ വാഹനത്തിന്റെ വീൽ ഘടന ഇടക്കിടക്ക് നോക്കുന്നത് നല്ലതാണ്.
3. നിർമ്മാതാക്കൾ നിർദ്ദേശിച്ചിട്ടുള്ള ഇടവേളകളിൽ ടയർ റൊട്ടേഷൻ നടത്തുക.
4. പഴയ ടയറുകൾ മാറ്റി പുത്തൻ ടയറുകൾ വാഹനത്തിൽ ഘടിപ്പിക്കുന്ന വേളയിൽ വാൽവുകളും വാൽവ് ക്യാപ്പുകളും പുത്തനാക്കാൻ ശ്രമിക്കുക.
5. കടുത്ത രീതിയിലുള്ള ബ്രേക്കിംഗും ആക്സിലറേഷനും ടയറിന്റെ ആയുസ്സ് കുറയാൻ കാരണമാകുന്നു. അതിനാൽ മാന്യമായ രീതിയിൽ വാഹനം ഓടിക്കാൻ ശ്രമിക്കുക.
6. പൊട്ടിപൊളിഞ്ഞതും കുഴികളുള്ളതുമായ റോഡുകൾ ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കുക. ഇത്തരത്തിലുള്ള റോഡുകൾ ടയർ പഞ്ചർ ആവാൻ വരെ കാരണമായേക്കാം. അത്തരം റോഡുകൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ വേഗത കുറച്ച് വണ്ടി ഓടിക്കുക.
7. അമിതമായി വാഹനത്തിൽ ലഗേജ് കയറ്റുന്നത് ടയറുകൾക്ക് മാത്രമല്ല സസ്പെൻഷനും കേടുപാടുകൾ സംഭവിക്കാൻ കാരണമാകും. സാധാരണ പഞ്ചറുകൾ ഉണ്ടാകുന്നതിന് പുറമെ ടയർ പൊട്ടിത്തെറിയ്ക്കാനും സാധ്യതയുണ്ട്.
8. യാത്രയ്ക്കിടയിൽ ടയർ പഞ്ചർ ആയാൽ എത്രയും പെട്ടെന്ന് പരിഹാരം കാണുക. പഞ്ചറായ ടയർ വെച്ച് യാത്ര ചെയ്യുന്നത് കാറിന്റെ വശങ്ങളിൽ സ്ക്രാച്ച് ഉണ്ടാക്കാനിടയുണ്ട്.
9. കോൺക്രീറ്റ് ചെയ്ത റോഡുകളിലൂടെ വാഹനം അമിത വേഗത്തിൽ പോകുന്നത് ടയറുകൾ ചൂടാവാൻ കാരണമാവുകയും തേയ്മാനത്തിന് കാരണമാവുകയും ചെയ്യും. ഇത്തരത്തിലുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോൾ വേഗത കുറയ്ക്കുകയോ, പെട്ടെന്നുള്ള ബ്രേക്ക്, ആക്സിലറേഷൻ എന്നിവ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.
10. താഴ്ന്ന നിലവാരത്തിലുള്ള ടയറുകൾ വാങ്ങുന്നതിന് പകരം ISI മുദ്രയുള്ള ടയറുകൾ വാങ്ങാൻ ശ്രമിക്കുക. വിലയേക്കാൾ മൂല്യം നിങ്ങളുടെ സുരക്ഷയ്ക്കാണ് എന്ന് മനസിലാക്കുക.
Comments