അത്തം തുടങ്ങിയാല്‍ പിന്നെ അങ്ങോട്ട് തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ മലയാളിയും. ഓണക്കോടിയും ഓണപ്പൂക്കളവും ഓണസദ്യയും ഓണകളികളുമായി തിരുവോണത്തെ വരവേല്‍ക്കാനുള്ള ആവേശം ചെറുതൊന്നുമല്ല. ഇല്ലായ്മയുടെ കാലത്തില്‍ നിന്നും സമൃദ്ധിയുടെ കാലത്തേക്കിലേക്കുള്ള കാത്തിരിപ്പ്. എല്ലാവരും സന്തോഷത്തോടെ ഒത്തുചേരുന്ന സുദിനം. തിരുവോണ നാളില്‍ വീടുകളില്‍ തിരക്കാണ് അടുക്കളയില്‍ സദ്യ വട്ടങ്ങള്‍ ഒരുക്കാനുള്ള തിരക്കിലായിരിക്കും പെണ്ണുങ്ങളെല്ലാം എന്നാല്‍ പഴയകാല ഓണത്തെ കുറിച്ചും ഓണവിശേഷങ്ങള്‍ പങ്കുവെച്ചും പലവിധ ചര്‍ച്ചകളിലുമായി ഉമ്മറത്തിരിപ്പുണ്ടാവും വീട്ടിലെ ആണുങ്ങള്‍. മുറ്റത്തും തൊടിയിലുമായി ഓടി കളിച്ചും ഊഞ്ഞാലാടിയും പൂക്കളം തീര്‍ത്തും കുട്ടികളും. ആകെപ്പാടെ ആഘോഷം തന്നെ.
എന്നാല്‍ ഈ വര്‍ഷം ആഘോഷങ്ങളില്ല ആര്‍പ്പുവിളികള്‍ മഹാവ്യാധിയുടെ പിടിയില്‍ പെട്ടുപോയി ലോകം. ആഘോഷങ്ങളെല്ലാ പരിമിതം. ഒത്തുചേരാന്‍ കഴിയാതെ ലോകത്തിന്റെ പലകോണുകളിലിരുന്ന് ഇത്തവണ ഓരോ മലയാളിയും ഓണം ആഘോഷിക്കുന്നു. ഉള്ളതു കൊണ്ട് ഓണം പോലെ. ലളിതമാണെങ്കിലും പുറത്തു നടക്കുന്ന ആഘോഷങ്ങളില്‍ പങ്കുചേരാനാവാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗമുണ്ട്.അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വന്നതും കൊറോണ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉളളവരുമായി നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍.
വീടുകളിലോ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈൻ
കേന്ദ്രങ്ങളിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയതാണ് ഇവരുടെ ഇത്തവണത്തെ ഓണം. കഴിഞ്ഞുപോയ നല്ലൊരു ഓണകാലത്തിന്റെ ഓര്‍മ്മകള്‍ മാത്രമാണ് ഇവര്‍ക്ക് കൂട്ട്. മനസ്സു കൊണ്ട് മാത്രമേ ഇത്തവണത്തെ ഓണാഘോഷങ്ങളില്‍ പങ്കുചേരാന്‍ ഇവര്‍ക്കു സാധിക്കുകയുളളൂ.
സോഷ്യല്‍ മീഡിയ മാത്രമാണ് ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ക്ക് ഓണാഘോഷത്തില്‍ പങ്കു ചേരാനുളള ഏകമാര്‍ഗ്ഗം. വീടും വീട്ടുകാരും മുറ്റത്തെ പൂക്കളവും ഓണസദ്യയും കൂട്ടുകാരോടും ഒന്നിച്ചുള്ള ഓണക്കളികളും ഇവരുടെ മനസിൽ മാത്രം. ഈ ഓണക്കാലവും ഇങ്ങനെ കടന്നു പോകും. പ്രതിരോധമല്ലാതെ ഈ മഹാമാരിയെ തടുക്കാന്‍ വേറൊരു മാര്‍ഗ്ഗമില്ല. ഈ കാലത്തിനും അറുതിവരും ഓണം വരും വിഷു വരും ഒത്തുചേരലിന്റെ പുതുപുലരിയ്‌ക്കായി പ്രാര്‍ത്ഥിക്കാം.















