കേരളത്തിലെ സാമൂഹിക നവോത്ഥാന നായകന്മാരില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു വിദ്യാധിരാജാ ശ്രീ ചട്ടമ്പിസ്വാമികള്‍. കേരള സാമൂഹിക നവോത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. നായന്മാര്‍, ഈഴവര്‍ എന്നീ വന്‍കിട ഹൈന്ദവ സമുദായങ്ങള്‍ക്ക് സമൂഹത്തില്‍ അവര്‍ അര്‍ഹിക്കുന്ന ന്യായമായ സ്ഥാനം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം പോരാടി. നായന്മാരില്‍ ഉണ്ടാകുന്ന സാമൂഹിക പ്രബുദ്ധത മറ്റുള്ള ബ്രാഹ്മണര്‍ അല്ലാത്ത വിഭാഗക്കാര്‍ക്ക് ഉത്തേജകവും ഉദ്ദേശിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്രദവും ആകുമെന്ന് ചട്ടമ്പിസ്വാമികള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം പ്രധാനമായും നായര്‍ സമുദായത്തെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു.
ഹിന്ദു സമുദായത്തിന്റെ മതപരവും സാമൂഹികപരവുമായ സമത്വത്തിനു വേണ്ടി ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അയിത്തം, താലികെട്ട് കല്യാണം, തിരണ്ടുകുളി തുടങ്ങിയ ആചാരങ്ങളെ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. അതുവരെ കേരളീയ സമൂഹം ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ അദ്ദഹം പൊതു വേദികളില്‍ അവതരിപ്പിച്ചു. ദാരിദ്യ്രം കൊണ്ട് സ്വാമികള്‍ക്ക് പഠിക്കാനായില്ല എങ്കിലും സ്വപ്രയത്‌നം കൊണ്ട് മലയാളം തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിലും ഗണിത ശാസ്ത്രത്തിലും അറിവുനേടി. കൗമാരപ്രായത്തില്‍ തന്നെ വേദങ്ങളും മന്ത്രങ്ങളും അഭ്യസിച്ചു.
വിജ്ഞാനപ്രദമായ അദ്ദേഹത്തിന്റെ വേദാന്ത ചര്‍ച്ചകളും, മതം, ദര്‍ശനം ചരിത്രം എന്നീ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച കൃതികളും സാമൂഹിക സമത്വം മനുഷ്യ സാഹോദര്യം എന്നിവയ്‌ക്കു പ്രാധാന്യം നല്‍കി. അദ്ദേഹത്തിനു വശംവദമാകാത്ത ഒരു കലയും വിദ്യയും ശാസ്ത്രവുമില്ലായിരുന്നു. ചിന്തകന്‍, ഗവേഷകന്‍, കവി, സമുദായ പരിഷ്‌കര്‍ത്താവ്, മഹാസിദ്ധന്‍, ഗുണാതീതനായ ഗുരുവര്യന്‍ എന്നിങ്ങനെ ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ സിദ്ധികള്‍. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന് ശക്തമായ ഒരു അടിത്തറ നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1924 ല്‍ പന്മന വെച്ചു അദ്ദേഹം സമാധിയടഞ്ഞു. അദ്ദേഹത്തിനായി അവിടെ ക്ഷേത്രവും ആശ്രമവും സ്ഥാപിച്ചിട്ടുണ്ട്.















