ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കൊറോണ ബാധിച്ചത് പ്രമുഖ താരത്തിനെന്ന് റിപ്പോര്‍ട്ട്. ടീം അംഗത്തിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും രോഗം ബാധിച്ചതോടെ ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. രോഗബാധയുടെ പശ്ചാത്തലത്തില്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ ഉടന്‍ പുറത്തുവിടില്ലെന്നാണ് സൂചന.
പേസ് ബൗളര്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ യുവ പേസറും സിഎസ്‌കെയില്‍ ധോണിയുടെ തുറുപ്പുചീട്ടുകളിലൊന്നുമായ ദീപക് ചഹറിനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് പുതിയ വിവരം. 14 ദിവസം താരത്തിന് ക്വാറന്റൈനില്‍ കഴിയേണ്ടി വരും. അതിനു ശേഷം 24 മണിക്കൂറിനിടെ ചഹറിനെ രണ്ടു ടെസ്റ്റുകള്‍ക്കു കൂടി വിധേയനാക്കും. ഇതിന്റെ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ അദ്ദേഹത്തിന് പരിശീലനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ.
നിലവില്‍ രോഗം ബാധിച്ച എല്ലാവരെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കുന്നുണ്ടെന്നും സിഎസ്‌കെ അധികൃതര്‍ അറിയിച്ചു. ദുബായിയില്‍ എത്തിയതിനു പിന്നാലെ ടീം അംഗങ്ങള്‍ 6 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിരുന്നു.















