ഒമാൻ മലയാളികൾ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒമാനില്‍ നിന്നുള്ള ആദ്യ സൗജന്യ ചാര്‍ട്ടേഡ് വിമാനം മസ്കത്തില് നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തി. “ഒമാന്‍ മലയാളികള്‍’ കൂട്ടായ്മയാണ് സാധാരണക്കാരയ പ്രവാസികള്‍ക്ക് സൗജന്യമായി നാട്ടിലെത്താൻ സൗകര്യമൊരുക്കിയത്.
മസ്കത്തില് നിന്ന് ഉച്ചക്ക് പുറപ്പെട്ട സലാം എയര്‍ വിമാനം പ്രാദേശിക സമയം വൈകുന്നേരം 7.45ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി. 180 പ്രവാസികളാണ് യാത്രക്കാരായുണ്ടായിരുന്നത്. മുഴുവന്‍ ആളുകൾക്കും സൗജന്യമായാണ് യാത്രാ സൗകര്യമൊരുക്കിയത്.
നിരാലംബരായ യാത്രക്കാരുടെ വിവിധ പിഴകള്‍ ഉള്‍പ്പടെ എല്ലാം കൂട്ടായ്മയാണ് വഹിച്ചത്. നിരവധി സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും വലിയ സഹകരണമാണ് ഇവരെ നാട്ടിലെത്തിക്കാൻ ലഭിച്ചതെന്ന് സംഘാടകർ പറഞ്ഞു.
ഒമാന്‍ മലയാളികള്‍ വാട്സ്ആപ്പ് കൂട്ടായ്മയില്‍ 20,000 ഓളം അംഗങ്ങളാണുള്ളത്.
ചീഫ് കോഡിനേറ്റർ റഹീം വെളിയങ്കോട് ഗ്രൂപ്പ് അഡ്മിന്മാരായ അഷ്റഫ് ചാവക്കാട്, ബഷീര്‍ ബാച്ചി ശിവപുരം, കമറുദീന് മുണ്ടേരി, മുഹ്സിന് മദീദ്, യാസിര്‍ നാദാപുരം, അജ്മല്‍ ജൗഹരി എന്നിവര്‍ നേതൃത്വം നല്കി.
Comments