ദുബായ്: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദൻ ആണ് മരിച്ച മലയാളി. സൗത്ത് ഷര്‍ക്കിയയില്‍ മതില് ഇടിഞ്ഞുവീണാണ് സുനില്‍ മരിച്ചത്. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ. ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
മഴയിലും വെള്ളപ്പൊക്കത്തലും മരിച്ചവരിൽ 9 പേർ കുട്ടികളാണ്. കാണാതായവരിൽ അഞ്ചു പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒമാനിന്റെ പല ഭാഗത്തുമായി കനത്തമഴ തുടരുകയാണ്. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി പെയ്ത മഴയിൽ ഒമാനിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.
കനത്ത മഴയെ തുടർന്ന് ഒമാനിലെ മസ്കത്ത്, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.