ചെന്നൈ: കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര കോടി രൂപ സംഭാവന നല്കി തമിഴ് നടന് സൂര്യ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ സിനിമാ പ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി 5 കോടി രൂപ സംഭാവന നല്‍കുമെന്ന് സൂര്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേക്ക് താരം ഒന്നര കോടി രൂപ സംഭാവന നല്‍കിയത്.
ഫിലിം എപ്ലോയ്സ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ, ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന്, തമിഴ്നാട് ഫിലിം പ്രൊഡ്യൂസര്‍ കൗണ്‍സില്‍, നടികര്‍ സംഘം എന്നീ സംഘടനകള്‍ക്കാണ് സൂര്യ തുക കൈമാറിയത്. ഭാരതി രാജ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ വെച്ചായിരുന്നു തുക കൈമാറിയത്. സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍, 2 ഡി എന്റര്ടെയ്ന്മെന്റിന്റെ സഹ നിര്‍മ്മാതാവ് രാജശേഖര്‍ കര്‍പുര സുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തന്റെ പുതിയ ചിത്രമായ സൂരരൈ പോട്ര് ഒ.ടി.ടി റിലീസിനെത്തുന്ന കാര്യം ആരാധകരുമായി പങ്കു വെക്കുന്നതിനിടയിലാണ് സൂര്യ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ആമസോണില്‍ നിന്ന് ലഭിച്ച തുകയില്‍ നിന്ന് 5 കോടി രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നാണ് സൂര്യ അറിയിച്ചിരുന്നത്.
സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരരൈ പോട്ര്. എയര്‍ ഡെക്കാണ് എന്ന ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി.ആര്. ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 2ഡി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസിനെത്തും.















