പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്ത് തിരുവനന്തപുരത്ത് ഒരു ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്നാണ് ആ പാവത്തിന് ജീവനൊടുക്കേണ്ടി വന്നത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതായിരുന്നു കാരണം.
ആത്മഹത്യയുടെ ആവശ്യകതയെപ്പറ്റിയും ധാർമ്മികതയെപ്പറ്റിയും നമുക്ക് പിന്നീട് ചർച്ച ചെയ്യാം. കേരളത്തിൽ ജോലിയില്ലാഞ്ഞിട്ടാണോ ഇയാളൊക്കെ ആത്മഹത്യ ചെയ്യുന്നത് എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. പി.എസ്.സി വഴി നിരവധി പേർക്ക് ജോലി കൊടുത്തെന്ന് സർക്കാരും അവകാശപ്പെടുന്നുണ്ട്. പിന്നെയെന്താണ് അനുവിനെപ്പോലെയുള്ളവർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത് ?
പി.എസ്.സിയുടെ വിശ്വാസ്യത ഇല്ലാതായതാണ് യഥാർത്ഥ കാരണം. ഇന്നാട്ടിലെ യുവാക്കൾ മറ്റെന്തൊക്കെയാണെങ്കിലും പി.എസ്.സിയെ വിശ്വസിച്ചിരുന്നു. അവിടെയെങ്കിലും ഒരു അഴിമതിയുമില്ലാതെ അവർക്ക് പഠിച്ചാൽ ജോലി കിട്ടുമെന്ന് കരുതിയിരുന്നു. ആ വിശ്വാസ്യതയാണ് ഗുണ്ടകളേയും കത്തിക്കുത്തുകാരേയും റാങ്ക് ലിസ്റ്റിൽ കയറ്റി പിണറായി സർക്കാർ ഇല്ലാതാക്കിയത്.
ഇവിടെ എസ്.എഫ്.ഐക്കാരന് അഴിമതിയിലൂടെ സർക്കാർ ജോലി, ഡിവൈഎഫ്‌ഐക്കാരന് സഹകരണ ബാങ്കിൽ ജോലി , സി.ഐ.ടിയുക്കാരന് തൊഴിൽ വകുപ്പിൽ ജോലി , സി.ഐ.ടിയുമാദ്ധ്യമ പ്രവർത്തകർക്ക് ദേവസ്വം ബോർഡ് കോളേജിൽ ജോലി, സിപിഎമ്മുകാരന് സകലമാന പൊതുമേഖല സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം , ഇവരുടെ ഭാര്യമാർക്കു പോലും പ്രത്യേക നിയമനങ്ങൾ. ഇതെല്ലാം പോരാഞ്ഞ് ട്രഷറിയിൽ നിന്ന് മോഷണവും പ്രളയ ദുരിതാശ്വാസം അടിച്ചു മാറ്റലും ഐടി വകുപ്പിൽ സ്വന്തക്കാർക്ക് കരാറുകളും.
ഏതെങ്കിലും അഴിമതികളെക്കുറിച്ച് അന്വേഷണമുണ്ടായാൽ അതിന്റെ രേഖകളിരിക്കുന്നിടം തീയിടുകയും ചെയ്യും. അതിനെപ്പറ്റി ചോദിച്ചാൽ മുഖ്യമന്ത്രിയുടെ വക ഭീഷണി വേറെയും
സാധാരണക്കാരനായ ഒരു ഉദ്യോഗാർത്ഥി ഈ സർക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തില്ലെങ്കിലാണ് അത്ഭുതം. അനു ആത്മഹത്യ ചെയ്തതല്ല . അയാളെ സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കിയ ഈ സർക്കാർ കൊന്നതാണ്.















