ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പ്രഭാസ് , ബോളിവുഡ് രംഗത്തെ പ്രശസ്ത സംവിധായകൻ ഓം റൗത്തിന്റെ അടുത്ത ത്രീ ഡി ആക്ഷൻ ചിത്രമായ ആദിപുരുഷനിലൂടെ വീണ്ടും എത്തുന്നു .
ഓം റൗത്തും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഭൂഷൺ കുമാറിന്റെ ടി സീരീസും ഓം റൗത്തും ചേർന്നാണ് . “തിന്മക്കെതിരായി നന്മയുടെ വിജയം” എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും .രാധേ ശ്യാം എന്ന ചിത്രത്തിനും സഹോയ്ക്കും ശേഷം ഭൂഷൺ കുമാറും പ്രഭാസും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് “ആദിപുരുഷ് “.
ഇതിഹാസ കാവ്യമായ രാമായണത്തെ ആധാരമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ ഭഗവാൻ ശ്രീ രാമ ചന്ദ്രനായിട്ടാണ് പ്രഭാസ് എത്തുന്നത് . “തിന്മക്കെതിരായി നന്മയുടെ വിജയം ” എന്നെഴുതിയ പോസ്റ്റർ പ്രഭാസ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്ക് വെച്ചത് . ഓരോ കഥാപാത്രത്തിനും അതിന്റെതായ വെല്ലുവിളികൾ ഉണ്ട് , എന്നാൽ ഇത് പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് അഭിമാനവും അതുപോലെ തന്നെ ഉത്തരവാദിത്വവുമാണ് . ഓം റൗത് മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും , ആശംസകളും അനുഗ്രഹങ്ങളും തങ്ങൾക്കു നൽകുമെന്ന് കരുതുന്നു എന്നും ചിത്രത്തെ കുറിച്ച് സംസാരിച്ചപ്പോൾ പ്രഭാസ് പറയുകയുണ്ടായി .
ഹിന്ദിയിലും തെലുങ്കിലും ഇറങ്ങുന്ന ചിത്രം മലയാളം , തമിഴ് , കന്നഡ തുടങ്ങിയ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്യും . സിനിമയുടെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചിത്രത്തിൽ അണിനിരക്കാൻ പോകുന്ന മറ്റു താരങ്ങൾ ആരൊക്കെയാവും എന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല . ഒന്നിലധികം ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം ഭാരതമൊട്ടാകെയുള്ള പ്രേക്ഷകരെ ഉദ്ദേശിച്ചു കൊണ്ടാണ് നിർമ്മിക്കുന്നത് .
Comments